പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ അന്തരിച്ചു.

പ്രശസ്ത എഴുത്തുകാരുടെയും, രാഷ്ട്രീയ നേതാക്കളുടെയും അപൂർവ നിമിഷങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്ത്, കേരളത്തിൽ ഫോട്ടോഗ്രാഫിയിൽ സമ്പന്നനായിരുന്ന പ്രമുഖ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ (81) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 1.40 ഓടെയായിരുന്നു അന്ത്യം. കോഴിക്കോട് തിരുവണ്ണൂരിലെ സാനഡുവിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ ശൂരനാട്ട് പുത്തന്‍വിളയില്‍ ശ്രീധരന്റെയും പള്ളിക്കുന്നത്ത് ഈശ്വരിയുടെയും മകനായി 1939 ൽ ജനിച്ച രാജന്‍, മാവേലിക്കര രവിവർമ്മ സ്‌കൂളില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സ് ഡിപ്ലോമ നേടി, 1963 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആര്‍ട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി. 1994 ലാണ് അവിടെ നിന്ന് വിരമിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീർ, തകഴി, ജോസഫ് മുണ്ടശ്ശേരി, എകെജി, ഇഎംഎസ്, ഇന്ദ്രജിത്ത് ഗുപ്ത, എസ്എ ഡാങ്കേ, സി അച്യുതമേനോൻ, എംഎൻ ഗോവിന്ദൻ നായർ, പി കെ വാസുദേവൻ നായർ, എം ടി വാസുദേവൻ നായർ, എസ് കെ പൊറ്റെക്കാട്ട്, ഇടശ്ശേരി, അക്കിത്തം, ഉറൂബ്, പൊൻകുന്നം വർക്കി, എൻ വി കൃഷ്ണവാരിയർ, കേശവദേവ്, സുകുമാർ അഴീക്കോട്, യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെയെല്ലാം അപൂർവ ചിത്രങ്ങൾ എടുത്ത് കേരളത്തിൽ ഫോട്ടോഗ്രാഫിയിൽ സമ്പന്നനായിരുന്നു.
മോസ്‌കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിമോട്ടോഗ്രഫിയിൽ നിന്ന് സിനിമാറ്റോഗ്രാഫി പഠിച്ചു. ‘മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ’ എന്ന ചിത്രത്തിന് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് നേടി. ബഷീർ: ഛായയും ഓർമയും’, ‘എം.ടി.യുടെ കാലം’ എന്നിവയാണ് രാജന്റെ പുസ്തകങ്ങൾ . മാതൃഭൂമി പത്രത്തിൽ ‘ഇന്നലെ’, ആഴ്ചപ്പതിപ്പിൽ ‘അനർഘനിമിഷങ്ങൾ’ എന്നീ പംക്തികൾ കൈകാര്യം ചെയ്തിട്ടുണ്ട്.