സാക്ഷരത മിഷനിലെ ഓഫീസ് അറ്റന്‍ഡന്റിന് പിഎ ആയി സ്ഥാനക്കയറ്റം
തിരുവനന്തപുരം: സാക്ഷരത മിഷന്‍ ഓഫീസ് അറ്റന്‍ഡറെ പിഎ ആക്കി സ്ഥാനക്കയറ്റം. ചട്ടലംഘനം നടത്തിയാണ് സാക്ഷരത മിഷനിലെ ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് ഡയറക്ടറുടെ പിഎ ആയി സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്. എസ്.ആര്‍. രാജേഷിനാണ് പിഎ ടു ഡയറക്ടര്‍ ആക്കിയിരിക്കുന്നത്.
പിഎ തസ്തിക ഉണ്ടെന്ന് സാക്ഷരത മിഷന്‍ അറിയിച്ചു കത്ത് നല്‍കിയാല്‍ മാത്രമേ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഉത്തരവ് ഇറങ്ങൂ. ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ക്ക് പിഎ തസ്തികയുടെ ചുമതല നല്‍കാന്‍ കഴിയില്ലെന്ന് 2018ല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് മറികടന്നാണ് ഓഫീസ് അറ്റെന്‍ഡറെ പിഎ ടു ഡയറക്ടര്‍ ആക്കിയത്. ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്ന താത്കാലിക തസ്തികയില്‍ പ്രവര്‍ത്തിക്കുന്ന ആളെയാണ് പിഎ ടു ഡയറക്ടര്‍ ആക്കിയത്.
എന്നാല്‍ സാക്ഷരത മിഷനില്‍ പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്നാണ് മന്ത്രി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞത്. മന്ത്രി നിയമസഭയില്‍ പറഞ്ഞത് ഡയറക്ടര്‍ പി.എസ്. ശ്രീകലയ്ക്ക് കുരുക്കാകും. സാക്ഷരത മിഷനില്‍ ഡയറക്ടര്‍ക്ക് പിഎ തസ്തിക സൃഷ്ടിച്ചിട്ടില്ലെന്ന് നിയമസഭയില്‍ റോജി എം. ജോണിന് മന്ത്രി വി. ശിവന്‍കുട്ടി രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാക്ഷരത മിഷനില്‍ ഓഫീസ് അറ്റന്‍ഡന്റ് കം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയ എസ്.ആര്‍. രാജേഷ് എന്ന ജീവനക്കാരന് പിഎ തസ്തികയുടെ ചുമതല നല്‍കുന്നതിനും പ്രതിമാസം 5000 രൂപ അലവന്‍സ് നല്‍കുന്നതിനും അനുമതി നല്‍കാന്‍ നിര്‍വാഹമില്ലെന്ന് സാക്ഷരത മിഷന്‍ നല്‍കിയ കത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി 2018 ജനുവരി ആറിന് നല്‍കിയ മറുപടിയില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം സാക്ഷരത മിഷന്‍ നടത്തിയ ചട്ടലംഘനം സര്‍ക്കാര്‍ റദ്ദാക്കിയിട്ടില്ല. മതിയായ യോഗ്യത ഇല്ലാത്ത ആള്‍ക്ക് പിഎയുടെ അധിക ചുമതല അനുവദിച്ചത് റദ്ദാക്കിക്കൊണ്ട് 2018ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നോ എന്ന റോജി എം. ജോണിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കാത്തത് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നു. സാക്ഷരത മിഷന്റെ ഔദ്യോഗിക രേഖകളില്‍ പിഎ ടു ഡയറക്ടര്‍ രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പിഎ തസ്തിക സൃഷ്ടിച്ചുവെന്നത് വ്യക്തമാണ്. എന്നാല്‍ മന്ത്രി നിയമസഭയില്‍ അറിയിച്ചിരിക്കുന്നത് പിഎ തസ്തിക സൃഷ്ട്ടിച്ചിട്ടില്ല എന്നാണ്. ഇതില്‍ നിന്നും മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു.