Kerala NewsLatest News

തിരൂര്‍ മുണ്ടുപറമ്പ് ബിവറേജ് ഔട്ട്ലെറ്റ് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം

മലപ്പുറം: തിരൂര്‍ മുണ്ടുപറമ്പ് ബിവറേജ് ഔട്ട്ലെറ്റ് പൂട്ടി യൂത്ത് ലീഗ് പ്രതിഷേധം. സര്‍ക്കാര്‍ പ്രോട്ടോകോളുകള്‍ കാറ്റില്‍ പറത്തി നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടുന്ന മദ്യശാലകള്‍ തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഇരട്ട നീതിക്കെതിരെയാണ് മുസ്ലീം യൂത്ത്ലീഗ് സമരം നടത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചും, ലക്ഷക്കണക്കിന് ആളുകളുടെ തൊഴില്‍ തടസ്സപ്പെടുത്തിയും ആരാധനാലയങ്ങള്‍ക്ക് അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍
മദ്യശാലകള്‍ മാത്രം തടസ്സമില്ലാതെ പ്രവര്‍ത്തിക്കുന്നു എന്നാണ് യൂത്ത്ലീഗ് ആരോപിക്കുന്നത്. തിരൂര്‍ മുണ്ടുപറമ്പ് ബൈപ്പാസിലെ ബീവ്കോ വിദേശ മദ്യശാല പൂട്ടിയാണ് യൂത്ത്ലീഗ് പ്രതിഷേധം നടത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിയോടെ പ്രകടനവുമായെത്തിയ മുസ്ലിംയൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഒരുമണിക്കൂറോളം ബീവറേജ് ഔട്ട്ലെറ്റ് ഉപരോധിച്ചതിന് ശേഷം ബീവറേജ് ഔട്ട്ലെറ്റ് ഷെട്ടര്‍ താഴ്ത്തി പൂട്ടിട്ടു. തുടര്‍ന്ന് ബീവറേജിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രവര്‍ത്തരെ നീക്കുകയായിരുന്നു. മലപ്പുറം മുനിസിപ്പല്‍ മുസ്ലീം യൂത്ത്ലീഗ് ബീവറേജ് അടപ്പിക്കല്‍ സമരം മുസ്ലീംലീഗ് മുനിസിപ്പല്‍ കമ്മിറ്റി ട്രഷറര്‍ ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരികളെയും പൊതുജനങ്ങളെയും വിശ്വാസികളെയും കോവിഡിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ മദ്യശാലകളിലെ നിയമ ലംഘനങ്ങള്‍ കാണുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ആയിരങ്ങളുടെ തൊഴിലും ഉപജീവനവുമെല്ലാം നിലക്കുമ്പോഴും ബിവറേജുകളില്‍ നൂറുകണക്കിന് ആളുകളാണ് കൂട്ടംകൂടുന്നത്. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ വരെ ലാത്തികൊണ്ട് കൈകാര്യം ചെയ്യുന്ന പോലീസിന് ഇവരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ശക്തമായ സമരവുമായി മുസ്ലീംയൂത്ത് ലീഗ് വീണ്ടും രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button