കയ്യാങ്കളി കേസ്; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം ശക്തം.
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസില്‍ സര്‍ക്കാര്‍ ഹര്‍ജി തള്ളുകയും വിചാരണ നടത്തണമെന്നും ഉത്തരവിട്ട സുപ്രീംകോടതി വിധിക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത്.
സെക്രട്ടേറിയേറ്റിനു മുന്നില്‍ വി.ശിവന്‍കുട്ടി മന്ത്രിയുടെ രാജിയ്ക്കായി പ്രതിഷേധ പ്രകടനം നടത്തിയ എബിവിപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബാരിക്കേഡ് , ജലപീരങ്കി തുടങ്ങിയവ ഉപയോഗിച്ച് പോലീസ് തടഞ്ഞു.
പിന്നീട് ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. അതേസമയം സുപ്രീംകോടതി ഉത്തരവനുസരിച്ച് വിചാരണ നടത്തുന്നതിന് മുന്‍പ് പ്രതി പട്ടികയിലുള്ള വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് സഭ തള്ളി.
ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. സുപ്രീംകോടതിയുടെ ഉത്തരവിനെ മാനിക്കുന്നുണ്ടെന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്നും അതേസമയം കയ്യാങ്കളിക്കേസിലെ പ്രതി പട്ടികയിലുള്ള വിദ്യാഭ്യാസമന്ത്രി രാജി വയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.