ജോലി നഷ്ടപ്പെട്ടതിന് തെരുവില്‍ തുണിയുരിഞ്ഞ് പ്രതിഷേധം
റോം: ജോലി നഷ്ടപ്പെട്ടതിന് തെരുവില്‍ തുണിയുരിഞ്ഞ് പ്രതിഷേധം. ഇറ്റാലിയന്‍ വിമാനക്കമ്പനിയായ അല്‍ ഇറ്റാലിയയിലെ എയര്‍ ഹോസ്റ്റസുമാരാണ് സെന്‍ട്രല്‍ റോമില്‍ യൂണിഫോം അഴിച്ചുവച്ച് പ്രതിഷേധിച്ചത്. പതിനായിരത്തിനടുത്ത് ജോലിക്കാരുണ്ടായിരുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം പുതിയ കമ്പനിയില്‍ മൂവായിരമാക്കി കുറച്ചിരുന്നു. ഇതോടെയാണ് നിരവധി ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടത്.
അല്‍ ഇറ്റാലിയയെ ഇറ്റലി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന കമ്പനി 775 കോടി രൂപയ്ക്കാണ് വാങ്ങിയത്. നിരവധി എയര്‍ ഹോസ്റ്റുസുമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പുതിയ കമ്പനി അധികൃതര്‍ തൊഴിലാളിവിരുദ്ധ നയം സ്വീകരിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
ഇവര്‍ ഷൂസ് ഉള്‍പ്പെടെയുള്ള യൂണിഫോം അഴിച്ചുമാറ്റി അല്‍പനേരം മൗനമായി നിന്നു. തുടര്‍ന്ന് ഒരുമിച്ച് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയാണുണ്ടായത്. തൊഴില്‍ നഷ്ടമായവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഭരണകൂടത്തെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക സ്ഥിതി മോശമാണെന്നാണ് ഇറ്റലി എയര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.