ഉച്ച ഭക്ഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് മാനസയും രാഹിലും പോയത് മരണത്തിലേക്ക്
കോതമംഗലം: നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്നത് ആസൂത്രിതമായെന്ന് നിഗമനം. കണ്ണൂര്‍ സ്വദേശിയായ രാഖില്‍ കൊല്ലപ്പെട്ട മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. പിന്നീട് മാനസയുടെ മുറിയിലേക്ക് പോയ രാഖില്‍ വാതിലടയ്ക്കുകയും കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തെന്നാണ് നിഗമനം.
മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മൂന്നരയോടെ രാഹില്‍ കടന്ന് വരുന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം വാടകക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് മാനസയും മൂന്ന് കൂട്ടുകാരും താമസിക്കുന്നത്. രാഹില്‍ വന്നതോടെ ഭക്ഷണം കഴിക്കുന്നത് പാതിവഴിയില്‍ മാനസ അവസാനിപ്പിച്ചു. ഇരുവരും സംസാരിക്കാനായി റൂമിലേക്ക് പോയി. റൂമില്‍ കയറിയ ഉടനെ തന്നെ രാഹില്‍ വാതില്‍ അകത്ത് നിന്ന് കുറ്റിയിടുകയായിരുന്നുവത്രെ.
പിന്നീട് മാനസയുടെ കൂട്ടുകാരികളും കേള്‍ക്കുന്നത് തുടരെ തുടരെയുള്ള രണ്ട് വെടിയൊച്ചകളായിരുന്നു. നെഞ്ചിനും തലക്കുമേറ്റ വെടിയിലാണ് മാനസയുടെ ജീവന്‍ രാഹില്‍ കവര്‍ന്നത്.ശബ്ദം കേട്ട് പെണ്‍കുട്ടികളും നാട്ടുകാരും ഓടിയെത്തും മുമ്പേ അടുത്ത വെടിയൊച്ചയും ഉയര്‍ന്നു. രാഹിലും സ്വയം ജീവിതം അവസാനിപ്പിച്ചു. ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിനിയും കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ട മാനസ (24). രാഹിലും കണ്ണൂര്‍ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്താനായി ഇയാള്‍ കണ്ണൂരില്‍ നിന്ന് കോതമംഗലത്ത് എത്തുകയായിരുന്നു.