ഇടതുപക്ഷ പോഷകസംഘടനയിൽപ്പെട്ടവർക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി; കേരളത്തിലെ ചെറുപ്പക്കാർ നിരാശരാണെന്ന് രാഹുൽ ഗാന്ധി

കൊച്ചി: ഇ എം സി സി കരാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കൻ കമ്പനിയുമായി സർക്കാർ രഹസ്യമായി കരാർ ഒപ്പിട്ടത് എന്തിനാണെന്ന് രാഹുൽ ചോദിച്ചു. വൈപ്പിനിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നോക്കാൻ ചങ്കുറ്റമില്ലാത്തതിനാലാണ് സർക്കാർ കരാർ രഹസ്യമാക്കിയത്. മോഷണമുതലുമായി കളളനെ പിടിക്കുമ്പോൾ താൻ മോഷ്‌ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാർ പുറത്തുവന്നപ്പോൾ സർക്കാർ നിലപാട് മാറ്റിയതെന്നും രാഹുൽഗാന്ധി പരിഹസിച്ചു.
കേരളത്തിലെ ചെറുപ്പക്കാർ നിരാശരാണ്. ഇടതുപക്ഷ പോഷകസംഘടനയിൽപ്പെട്ടവർക്ക് മാത്രമാണ് സംസ്ഥാനത്ത് ജോലി ലഭിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു. ചെറുപ്പക്കാർക്കും പരിചയ സമ്പന്നർക്കും പ്രാധാന്യമുളള സ്ഥാനാർത്ഥി പട്ടികയാണ് കോൺഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടികയിലെ അംഗങ്ങൾ വിജയിച്ച് നിയമസഭയിലെത്തിയാൽ കേരളത്തിലെ വിവിധതരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്നും രാഹുൽഗാന്ധി പറഞ്ഞു.