ടൗട്ടെ ചുഴലിക്കാറ്റ്; ആവശ്യക്കാര്‍ക്ക് സഹായമെത്തിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ഗാന്ധി
ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് സാധ്യമായതെല്ലാം ചെയ്ത് കൊടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു. ‘കേരളം, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും മഴ ശക്തമാണ്. സഹായം ആവശ്യമുള്ളവര്‍ക്കെല്ലാം എത്തിച്ച് കൊടുക്കണമെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയാണ്’. രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കേരളത്തില്‍ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.
മത്സ്യത്തൊഴിലാളികള്‍ മെയ് 17 വരെ കടലില്‍ പോകരുതെന്നാണ് ദുരന്ത നിവാരണ സേനയുടെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതോടെയാണ് കേരള തീരത്ത് മഴ ശക്തമായത്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.