ചന്ദ്രികയുടെ പേരില്‍ കള്ളപ്പണ ഇടപാട്; ചോദ്യം ചെയ്യലിന് ഹാജരാകാതെ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്
ചന്ദ്രികയുടെ പേരില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് കൂടുതല്‍ സാവകാശം വേണമെന്നാണ് അദ്ദേഹം ഇ ഡി യെ അറിയിച്ചത്.
പി കെ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ചോദ്യം ചെയ്യാന്‍ ഇബ്രാഹിം കുഞ്ഞിനേയും വിളിച്ചിരുന്നു. അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് ഹൈകോടതിയെ സമീപിച്ചിരുന്നു.
ചന്ദ്രികയുടെ അകൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്നുമാണ് ഹര്‍ജിയില്‍ ഇബ്രാഹിംകുഞ്ഞ് ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കള്ളപ്പണക്കേസില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇബ്രാഹിം കുഞ്ഞിന് എന്‍ഫോഴ്സ്മെന്റ് നോടീസ് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 16 ന് ഹാജരാകാന്‍ ആയിരുന്നു നിര്‍ദേശം. ഇതിനിടയിലാണ് അപീലുമായി ഹൈകോടതിയെ സമീപിച്ചത്.
അപീലില്‍ തീര്‍പ് ഉണ്ടാകുന്നതുവരെ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ തുടര്‍ നടപടികളും സ്റ്റേ ചെയ്യണമെന്നും ഇബ്രാഹിംകുഞ്ഞ് ആവശ്യപ്പെട്ടിട്ടുണ്ട്.