Kerala NewsLatest NewsPolitics

പാലാ ബിഷപ്പിന്റെ പരാമര്‍ശത്തിലൂടെ വര്‍ഗീയത ആളിക്കത്തിക്കാന്‍ ബി.ജെ.പി ശ്രമം, കേരളം ജാഗ്രത പുലര്‍ത്തണം -രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ വിവാദ നാര്‍ക്കോട്ടിക്​ പരാമര്‍ശം മുതലെടുത്ത്​ വര്‍ഗീയത ആളിക്കത്തിക്കാനാണ്​ ബി.ജെ.പി ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല. ആര്‍.​എസ്​.എസിന്‍റെയും ബി.ജെ.പിയുടെയും നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ജാഗരൂകരായി നില്‍ക്കണം. അവര്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തിന്​ പേരുകേട്ട കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ്​ ശ്രമം. ഇതിനെ ഗൗരവത്തില്‍ കാണണം.

ഈ വിഷയത്തില്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ശ്രീധരന്‍പിള്ള അഭിപ്രായം പറയാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ പദവിക്ക്​ ഒരു ഔന്നിത്യമുണ്ട്​. വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന്​ വിട്ടുനില്‍ക്കണം.

ഗോള്‍വാര്‍ക്കറുടെ പുസ്​തകം പഠിപ്പിക്കാന്‍ താല്‍പര്യമുള്ള പിണറായി വിജയന്‍റെ വൈസ്​ചാന്‍സിലറാണ്​ കേരളത്തിലുള്ളത്​. ഏത്​ ആശയം പഠിക്കുന്നതിലും തെറ്റില്ല. പക്ഷേ, കുട്ടികള്‍ക്ക്​ ഗാന്ധിയെയും നെഹ്​റുവിനെയും പഠിപ്പിക്കാതെ ഗോള്‍വാര്‍ക്കറിനെ മാത്രം പഠിച്ചാല്‍ മതിയെന്ന്​​ പറയുന്ന അക്കാദമിക്​ സമിതികള്‍ ആരുടെ താല്‍പര്യമാണ്​ സംരക്ഷിക്കുന്നതെന്ന്​ വ്യക്​തമാക്കണം -ചെന്നിത്തല വ്യക്​തമാക്കി.

സാമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്​ടിക്കുന്ന തരത്തില്‍ പാലാ ബിഷപ്പ്​ നടത്തിയ വിവാദ പ്രസ്​താവനയുടെ പശ്​ചാത്തലത്തില്‍ രംഗം കൂടുതല്‍ വഷളാവാതെ നോ​ക്കേണ്ട സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്‍ എംഎല്‍.എ അഭിപ്രായപ്പെട്ടിരുന്നു. സി.പി.എമ്മിന്​ ഇതിനകത്ത്​ ഒരു നിഗൂഡ അജണ്ട ഉണ്ടോ എന്ന്​ സംശയിക്കുന്ന തരത്തിലാണ്​ പാര്‍ട്ടിയുടെ സംസ്​ഥാന സെക്രട്ടറിയുടെ പ്രതികരണമെന്നും അദ്ദേഹം തിരൂരില്‍ വ്യക്​തമാക്കി.

ഫെയ്​ക്ക്​ ഐ.ഡികള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി രണ്ട്​ സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്​. ഒരു സംഘപരിവാര്‍ അജണ്ട ഇതിനുപിന്നിലുണ്ട്​. സമുദായങ്ങള്‍ തമ്മില്‍ അടിച്ചോ​ട്ടെ എന്ന മട്ടില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്​. ഇത്​ ശരിയല്ല. സി.പി.എമ്മിന്​ ഇക്കാര്യത്തില്‍ ഒരു നയവുമില്ല. ഇതിനകത്ത്​ ഒരു നിഗൂഡ അജണ്ട അവര്‍ക്കുണ്ടോ എന്ന്​ സംശയിക്കുന്ന തരത്തിലാണ്​ പാര്‍ട്ടിയുടെ സംസ്​ഥാന സെക്രട്ടറി പ്രതികരിക്കുന്നതെന്നും സതീശന്‍ വ്യക്​തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button