റമീസ് ഒറ്റത്തവണ കടത്തിയത് 13 തോക്കുകൾ, ബാലിസ്റ്റിക് റിപ്പോർട്ട് 8 മാസം ഫൊറൻസിക് ലാബിൽ കുടുങ്ങി.

സ്വർണക്കടത്തു കേസിലെ പ്രതിയും പ്രധാന സൂത്രധാരനുമെന്നു എൻ ഐ എ പറയുന്ന കെ.ടി.റമീസ് 2019 നവംബറിൽ ദുബായിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി ഒറ്റത്തവണ കടത്തി കൊണ്ടുവന്നത് 13 തോക്കുകളായിരുന്നു. ഇതുസംബന്ധിച്ച് ഫൊറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിന്റെ റിപ്പോർട്ട് അടുത്ത ദിവസം കസ്റ്റംസിന് കൈമാറും.
തോക്കുകൾ പല ഭാഗങ്ങളായാണ് റമീസ് ബാഗിൽ കടത്തി കൊണ്ടുവന്നത്. വിമാനത്താവളത്തിലെ സ്കാനിങിൽ ബാഗ് കുടുങ്ങിയപ്പോൾ 6 എയർഗണ്ണുകൾ എന്നാണ് റമീസ് മൊഴി കൊടുത്തത്. പാലക്കാട് റൈഫിൾ ക്ലബിനുവേണ്ടി കൊണ്ടുവന്നതാണെന്നും അന്ന് കസ്റ്റംസിനെ അറിയിക്കുകയുണ്ടായി. റൈഫിൾ ക്ലബ് സംഭവം നിഷേധിച്ചതോടെയാണ് റമീസ് വെട്ടിലാവുന്നത്. തുടർന്ന് കസ്റ്റംസ് കേസെടുത്തു തോക്കിന്റെ ഭാഗങ്ങൾ വിശദമായ പരിശോധനയ്ക്ക് പൊലീസ് ഫൊറൻസിക് ലാബിൽ ബാലിസ്റ്റിക് വിഭാഗത്തിനു കൈമാറുകയായിരുന്നു. തോക്കിന്റെ ഭാഗങ്ങൾ ചേർത്തു വച്ചുള്ള പരിശോധനയിൽ 13 തോക്കുകളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാൽ കസ്റ്റംസിന് കേസിൽ അന്ന് തുടർനടപടികൾ എടുക്കാൻ കഴിഞ്ഞില്ല.
ഇപ്പോൾ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്തിന് കെ.ടി. റമീസ് പിടിയിലാകുകയും കേസ് എൻഐഎ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് റമീസിന്റെ രാജ്യാന്തര ബന്ധങ്ങളുടെ ഉള്ളറകൾ തേടാൻ തുടങ്ങുന്നത്. റമീസ് 2010 മുതൽ സ്വർണം കടത്തുകയും കേരളത്തിൽ ഹവാലാക്കണ്ണികളെ നിയന്ത്രിക്കുകയും ചെയ്യുന്ന ആളാണെന്നും എൻഐഎക്ക് ബോധ്യമായ സാഹചര്യത്തിലാണ് റമീസിന്റെ പഴയ തോക്കു കടത്ത് കൂടി അന്വേഷിക്കാൻ എൻഐഎ തീരുമാനിക്കുന്നത്. അതിന്റെ ഫയലുകൾ തേടി കസ്റ്റംസിനെ സമീപിച്ചപ്പോഴാണ് ബാലിസ്റ്റിക് റിപ്പോർട്ട് കിട്ടിയില്ലെന്ന വിവരമറിയുന്നത്. തോക്ക് പിടിച്ച കേസിൽ ബാലിസ്റ്റിക് റിപ്പോർട്ട് ഇത്രയും കാലം,അതായത് എട്ടു മാസക്കാലം സംസ്ഥാന ഫൊറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ ഇത് പുറത്തു വരാൻ കഴിയാത്ത വിധം കുടുങ്ങി കിടക്കുകയായിരുന്നു. ഉന്നതങ്ങളിലെ ഇടപെടലുകളായിരുന്നു റിപ്പോർട്ട് പുറത്ത് വരാൻ തടസ്സമായി ഉണ്ടായിരുന്നത്. എൻഐഎയും ഇടപെട്ടതോടെ 8 മാസമായി തയാറാകാതിരുന്ന റിപ്പോർട്ടിനു വേഗം വെച്ചു.
താൻ കൊണ്ടുവന്ന 13 തോക്കുകൾ ആർക്കുവേണ്ടി കൊണ്ടുവന്നുവെന്നത് എൻഐഎ കസ്റ്റഡിയിലുള്ള കെ.ടി. റമീസ് പറയേണ്ടിവരും. തോക്കിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ബാലിസ്റ്റിക് വിഭാഗത്തിന്റെ റിപ്പോർട്ടനുസരിച്ച് അന്വേഷണത്തിന്റെ സ്വഭാവവും ഗതിയും മാറും എന്നതും ഉറപ്പായിരിക്കുകയാണ്. നയതന്ത്ര പാഴ്സൽ വഴി സ്വർണം കടത്താൽ ഒരു വർഷത്തിന് മുൻപേ തുടങ്ങി എന്നാണ് കസ്റ്റംസിന്റെ പ്രാഥമികാന്വേഷ ണത്തിൽ അറിയാൻ കഴിഞ്ഞത്. ഫൈസൽ ഫരീദ് മാത്രമല്ല നയതന്ത്ര പാഴ്സൽ വഴി ആദ്യം വന്ന സ്വർണം കയറ്റിയയച്ചതെന്നും ബംഗാൾ സ്വദേശികളായ ചിലരായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയുമാണ്.