റംസിയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ചുമതല കെ.ജി സൈമണ്

തിരുവനന്തപുരം: നിശ്ചയിച്ച വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കൂടത്തായി അടക്കമുള്ള സുപ്രധാന കേസുകളിൽ മികവ് തെളിയിച്ച എസ്.പി കെ.ജി സൈമൺ ആണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. റംസിയുടെ ആത്മഹത്യക്ക് പിന്നിൽ അറസ്റ്റിലായ ഹാരിഷ് മാത്രമല്ലെന്ന് ബന്ധുക്കളും ആക്ഷൻ കൗൺസിലും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
സെപ്റ്റംബർ മൂന്നിന് ഇരവിപുരം വാളത്തുംഗൽ നിന്നും കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം ചിറവിള പുത്തൻ വീട്ടിൽ വാടകക്ക് താമസിക്കുന്ന റഹിം- നദീറ ദമ്പതികളുടെ മകളായ റംസി (25)യാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. എട്ട് വർഷത്തിലധികമായി റംസി, ഹാരിഷുമായി പ്രണയത്തിലായിരുന്നു. പ്രണയത്തിനിടെ ഇരു വീട്ടുകാരും ചേർന്ന് 2019 ജൂലൈയിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ചു.
വളയിടിൽ ചടങ്ങും നടത്തി. അതിനു ശേഷം പല തവണ യുവാവ് റംസിയുടെ വീട്ടുകാരിൽ നിന്നും പണവും സ്വർണവും കൈപ്പറ്റിയിരുന്നതായി യുവതിയുടെ രക്ഷിതാക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വിവാഹം നിശ്ചയിച്ച് പ്രധാന ചടങ്ങായ വളയിടൽ കഴിഞ്ഞതോടെ പലപ്പോഴും യുവാവ് വീട്ടിലെത്തി യുവതിയെയും കൂട്ടി പുറത്തു പോകുന്നതും പതിവായിരുന്നു. ഇതിനിടെ ഗർഭിണിയായ യുവതിയെ യുവാവും വീട്ടുകാരും ചേർന്ന് എറണാകുളത്ത് കൊണ്ടുപോയി ഗർഭഛിദ്രവും നടത്തിയതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.