CinemaLife StyleUncategorized

പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം; നിർഗുണ പരബ്രഹ്മം ആകാൻ ഉദ്ദേശമില്ല: ബോഡി ഷെയ്‍മിംഗിന് എതിരെ അശ്വതി ശ്രീകാന്ത്

ബോഡി ഷെയ്‍മിംഗിന് എതിരെ ഇന്ന് രൂക്ഷമായി പലരും പ്രതികരിക്കാറുണ്ട്. ബോഡി ഷെയ്‍മിംഗ് ശരിയല്ല എന്ന മനോഭാവം വരാൻ ഇതൊക്കെ കാരണമാകാറുണ്ട്. എന്നാൽ ബോഡി ഷെയ്‍മിംഗ് തുടരുന്ന കൂട്ടർ കുറച്ചല്ല ഉള്ളത് എന്നതാണ് സത്യം. അടുത്തിടെ തന്നെ ബോഡി ഷെയ്‍മിംഗ് ചെയ്‍ത ആളെ തുറന്നുകാട്ടി നടി അശ്വതി ശ്രീകാന്ത് രംഗത്ത് എത്തിയിരുന്നു. ബോഡി ഷെയ്‍മിംഗ് നടത്തിയ ആൾക്ക് വ്യക്തമായ മറുപടി തന്റെ കമന്റിലൂടെ അശ്വതി ശ്രീകാന്ത് നൽകിയിരുന്നു. ഇപോഴിതാ ബോഡി ഷെയ്‍മിംഗിനോടുള്ള തന്റെ നിലപാടും വിമർശനവും കൂടുതൽ വ്യക്തമാക്കി അശ്വതി ശ്രീകാന്ത് ഒരു കുറിപ്പുമായി എത്തിയിരിക്കുന്നു.

അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്

ഞാൻ കഴിഞ്ഞ പത്ത് പതിനൊന്ന് വർഷമായി മീഡിയയിൽ ജോലി ചെയ്യുന്ന ആളാണ്. അന്ന് മുതൽ പലപ്പോഴായി സോഷ്യൽ മീഡിയയിലെ പലതരം ബോഡി ഷൈമിങ്ങുകൾ അനുഭവിച്ചിട്ടുണ്ട്, അതിൽ സങ്കടപ്പെട്ടിട്ടുണ്ട്, കരഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീട് അതൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തിൽ മാനസികമായി വളർന്നിട്ടുമുണ്ട്. എന്ന് വച്ചാൽ മുൻപത്തെ പോസ്റ്റ് ആരാന്റെ ഒരു കമന്റ് കണ്ട് ഹൃദയം തകർന്നിട്ടല്ല പോസ്റ്റ് ചെയ്‍തതെന്ന്.

ഇത്തരം നിർദോഷമെന്ന് ഒരു വിഭാഗം കരുതുന്ന കോമഡി അപകർഷത നിറയ്ക്കുന്ന വലിയൊരു കൂട്ടം ഇരകൾ ഉണ്ടെന്ന് ഓർമ്മിപ്പിക്കാൻ ആണ്. കൂട്ടുകാരെ നിറത്തിന്റ, പൊക്കത്തിന്റെ, കുടവയറിന്റെ, മുടിയില്ലായ്മയുടെ ഒക്കെ പേരിൽ നിത്യേന കളിയാക്കുന്ന, വട്ടപ്പേരുകൾ വിളിക്കുന്ന നമ്മുക്ക് ഒരിക്കലും പുറമേ ചിരിക്കുന്ന അവരുടെ ഉള്ളിലെ അപകർഷത കാണാൻ കഴിഞ്ഞേക്കില്ല.

ഞാൻ ഉൾപ്പെടുന്ന കോമഡി ഷോകളിലെ ഇത്തരം സ്ക്രിപ്റ്റുകളോട് എന്നും പ്രതികരിച്ചിട്ടുള്ള ആളാണ് ഞാൻ. എങ്കിൽ പോലും തുടക്കകാലത്ത് പലപ്പോഴും വോയിസ് ഉണ്ടായിരുന്നില്ല എന്നത് സത്യമാണ്. പറയാൻ കോൺഫിഡൻസ് ഉണ്ടായ നാൾ മുതൽ ഞാൻ അത്തരം തമാശകളിൽ നിന്ന് മാറി നിന്നിട്ടുന്നുണ്ട്. അത് എന്റെ കൂടെ വർക്ക് ചെയ്‍തിട്ടുള്ള സ്ക്രിപ്റ്റ് റൈറ്റേഴ്സിനും ഡിറക്റ്റേഴ്സിനും കൃത്യമായി അറിയാം. അത്തരം തമാശകൾ അവർക്ക് ഒഴിവാക്കാൻ പറ്റില്ലെങ്കിൽ വേണ്ട, പക്ഷെ ഞാൻ അത് പറയില്ല എന്ന് പലവട്ടം നിലപാട് എടുത്തിട്ടുമുണ്ട്. ബാക്കിയുള്ളോർക്ക് കുഴപ്പമില്ലല്ലോ, ഇവൾക്ക് ഇതെന്തിന്റെ കേടണെന്ന് മുറുമുറുപ്പ് കേട്ടിട്ടുമുണ്ട്.

എന്നെ കളിയാക്കിയാൽ എനിക്ക് കുഴപ്പമില്ലല്ലോ എന്ന് പറയുന്നവരും മറ്റൊരു തരത്തിൽ ബോഡി ഷൈമിങ്ങിനെ പ്രോത്സാഹിപ്പിക്കുക തന്നെയാണ്. അവർക്ക് അത് ഉപജീവനമാണെങ്കിലും അങ്ങനെയല്ലാത്ത എത്രയോ പേർ നിത്യേന ഇതേ തമാശയ്ക്ക് ഇരയാവുന്നുണ്ട്. അത് കൊണ്ട് കേൾക്കുന്ന ആൾ ഏത് സ്‍പിരിറ്റിൽ എടുക്കുന്നു എന്നല്ല നോക്കേണ്ടത്, അടുത്ത നിമിഷത്തിന് പോലും ഗ്യാരണ്ടി ഇല്ലാത്ത ഈ ജീവിതത്തിൽ ഒരാളെ വാക്ക് കൊണ്ട് സന്തോഷിപ്പിക്കാൻ പറ്റിയില്ലെങ്കിലും നോവിക്കാതിരിക്കാൻ മാത്രം മാനസികമായി വളരുക എന്നതാണ്. പിന്നെ പബ്ലിക് പോസ്റ്റ് ഇട്ടാൽ പബ്ലിക്ക് പറയുന്നത് എന്തായാലും കേൾക്കാൻ ബാദ്ധ്യത ഉണ്ടെന്ന ന്യായം. അത് പബ്ലിക് ട്രാൻസ്പോർട്ടിൽ യാത്ര ചെയ്‍താൽ തോണ്ടലും പിടുത്തവും ഉണ്ടാകുമെന്ന് അറിയില്ലേ…അറിഞ്ഞോണ്ട് കയറിയിട്ട് പ്രതികരിക്കാൻ പോകാമോ എന്ന് ചോദിക്കും പോലെയാണ്. പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം. തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്, നിർഗുണ പരബ്രഹ്മം ആകാൻ ഉദ്ദേശമില്ല. നന്ദി, നമസ്ക്കാരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button