എൽഡിസി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് എൽഡിസി റാങ്ക് ഹോൾഡേഴ്‌സ്

തിരുവനന്തപുരം: എൽഡിസി റാങ്ക് ലിസ്റ്റ് കാലാവധി ഓഗസ്റ്റ് മൂന്ന് വരെ നീട്ടിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് എൽഡിസി റാങ്ക് ഹോൾഡേഴ്‌സ്. ഏപ്രിൽ 1 ന് കാലാവധി അവസാനിക്കേണ്ട ലിസ്റ്റാണ് നീട്ടിയത്. പ്രൊമോഷൻ ലിസ്റ്റുകൾ വേഗത്തിൽ ഇറക്കാനും എൻട്രി കേഡർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാനും മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പിഎസ്‍സി ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു. ഇതിനായി മാർഗ്ഗ നിർദ്ദേശങ്ങൾ ഇറക്കണമെന്നും അവർ ആവശ്യപ്പെട്ടു.
നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരത്തിൽ സർക്കാർ ഇടപെടുമെന്നാണ് പിഎസ്‍സി ഉദ്യോഗാർത്ഥികൾ പ്രതീക്ഷ. സർക്കാർ നൽകിയ ഉറപ്പുകൾ ഉത്തരവായി ഇറങ്ങുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. സമരക്കാർ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളിൽ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സർക്കാർ നൽകിയ ഉറപ്പ്. ഉദ്യോഗസ്ഥതല ചർച്ച തൃപ്തികരമായിരുന്നുവെന്നും, ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ ഇന്നലെ പറഞ്ഞിരുന്നു. ഉത്തരവുണ്ടായില്ലെങ്കിൽ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്നാണ് സമരക്കാർ പറയുന്നത്. യൂത്ത് കോൺഗ്രസും നിരാഹാര സമരം തുടരുകയാണ്.