ട്രാന്‍സ്ജെന്‍ഡേഴ്സിനും വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും റേഷന്‍ കാര്‍ഡ്
തിരുവനന്തപുരം: വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കും. എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് നല്‍കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡേഴ്സിനും തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും റേഷന്‍കാര്‍ഡ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
തെരുവുകളില്‍ താമസിക്കുന്നവര്‍ക്കു പോലും റേഷന്‍കാര്‍ഡ് നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതുപോലെ തന്നെ ട്രാന്‍സ്ജെന്‍ഡേഴ്സിന് റേഷന്‍കാര്‍ഡും ഓണത്തിന് സൗജന്യക്കിറ്റും നല്‍കും.
വീട്ടുടമസ്ഥര്‍ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാകാത്തതു കാരണമാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കാത്തത്. ഇതേതുടര്‍ന്നാണ്് വാടകക്കാര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സ്വീകരിച്ച് റേഷന്‍കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.