ആര്‍സിബി ഇന്ന് കൊല്‍ക്കൊത്തയ്‌ക്കെതിരെ
ദുബായ്: ഐപിഎല്‍ രണ്ടാംപാദ മത്സരത്തിന്റെ രണ്ടാം ദിനമായ ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും കൊല്‍ക്കൊത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് ആര്‍സിബിയെ നയിക്കുന്നത്. നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും. യുഎഇയില്‍ ഇന്നലെ പുനരാരംഭിച്ച രണ്ടാം പാദത്തിന്റെ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍കിംഗ്‌സ് രണ്ടാം പാദത്തിലെ അരങ്ങേറ്റം ഗംഭീരമാക്കി.
ഇന്ന് കുട്ടിക്രിക്കറ്റിന്റെ ക്യാപ്റ്റന്‍ പദവി ഉപേക്ഷിക്കാന്‍ ഉറപ്പിച്ച വിരാട് കോഹ്‌ലിയുടെ കളിയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കോഹ്‌ലിയുടെ ആര്‍സിബി. നാല് പോയിന്റുള്ള നൈറ്റ് റൈഡേഴ്‌സ് ഏഴാം സ്ഥാനത്തും. ഇന്നത്തെ മത്സരത്തില്‍ ഇരുടീമിനും വ്യക്തമായ ആധിപത്യമില്ല. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ് രണ്ടാംപാദമത്സരത്തില്‍ നിന്ന് പിന്മാറിയത് കൊല്‍ക്കൊത്തയ്ക്ക് തിരിച്ചടിയാണ്. പകരം ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ടിം സൗത്തിയെ അവര്‍ ടീമിലെത്തിച്ചിട്ടുണ്ട്.
കമ്മിന്‍സിന് പകരമായി ഇന്ന് പ്ലേയിംഗ് ഇലവനില്‍ ന്യൂസിലന്‍ഡില്‍ നിന്നുള്ള ലോക്കി ഫെര്‍ഗ്യൂസണ്‍ സ്ഥാനം കണ്ടെത്താനാണ് സാധ്യത. ബംഗളൂരിവിന്റെ ആദംസാംപ, ഡാനിയല്‍ സാംസ്, ഫിന്‍ അലന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടാം പാദത്തില്‍ നിന്ന് പിന്മാറിയിരുന്നു. കൂടാതെ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരിക്കേറ്റതും ടീമന് തലവേദനയാണ്. പകരമായി സ്‌ക്വാഡിലേക്ക് ശ്രീലങ്കയുടെ സ്പിന്നര്‍ വാനിന്ദു ഹസരംഗ, ഇംഗ്ലണ്ടിന്റെ ഇടംകൈയന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ ജോര്‍ജ് ഗാര്‍ട്ടന്‍ എന്നിവരെയാണ് ബംഗളൂരു എത്തിച്ചിരിക്കുന്നത്.
ഹസരംഗ ഇന്ന് തന്റെ ഐപിഎല്‍ അരങ്ങേറ്റം നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ ആദ്യ ഐപിഎല്‍ കിരീടനേട്ടത്തോടെ ക്യാപ്റ്റന്‍സി ഒഴിയാന്‍ ആഗ്രഹിക്കുന്ന കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഏഴു കളികളില്‍ നിന്ന് അഞ്ചു വിജയവുമായാണ് ആര്‍സിബി എത്തുന്നത്. കൊല്‍ക്കൊത്തയാകട്ടെ ഏഴ് മത്സരങ്ങളില്‍ ജയിച്ചത് കേവലം രണ്ടെണ്ണവും.