CinemaKerala NewsLatest News

അസ്ഥി നിമജ്ജനം ചെയ്താല്‍ ഏത് ക്രിമിനലിറ്റിയും കഴുകിപ്പോകും,ദൃശ്യത്തി നെതിരെ വിമര്‍ശനം

ദൃശ്യത്തിനെതിരെ വിമര്‍ശനവുമായി റിട്ട. അധ്യാപകനായ കെഎന്‍ ഗണേഷിന്റെ സിനിമാനിരൂപണം. ക്രിമിനലിറ്റിയെ ഒരു ദൃശ്യമാക്കി മാറ്റാനുള്ള വ്യഗ്രത ജീത്തു ജോസഫിന്റെ സിനിമകളില്‍ കാണാം. സിനിമാക്കാര്‍ക്ക് സിനിമയോടുള്ള നഴ്സിസിസ്റ്റ് സമീപനവും ഇതേ ക്രിമിനലിറ്റിയുടെ ഭാഗമാണ്. അതിനു കിട്ടുന്ന ജനപ്രീതിയും വലതുപക്ഷമധ്യവര്‍ഗ്ഗമുഖത്തെ കാണിക്കുന്നെന്നും കെഎന്‍ ഗണേഷ് ഫേസ്ബുക്കിലെഴുതിയ നിരൂപണത്തില്‍ പറയുന്നു.

കെഎന്‍ ഗണേഷിന്റെ വാക്കുകള്‍:

‘ഒരു സിനിമനിരൂപണം എഴുതുന്നത് വഴങ്ങുന്ന ഏര്‍പ്പാട് അല്ല. ദൃശ്യം സിനിമയുടെ രണ്ടു ഭാഗവും കണ്ട ശേഷം ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ.

ഒരു മധ്യവര്‍ഗകുടുംബം കുടുംബ അഭിമാനത്തിന് വേണ്ടി ഒരു കൊലപാതകം മൂടിവയ്ക്കാന്‍ നടത്തിയ തത്രപ്പാടായിരുന്നു ആദ്യഭാഗം. അത് പോലെ മിഥ്യാഭിമാനക്കാരിയായ അതിനു വേണ്ടി അധികാരം ദുരുപയോഗപ്പെടുത്താന്‍ തയ്യാറുള്ള ഒരു പോലീസ് ഓഫീസറെ അവതരിപ്പിച്ചതിലാണ് നായകന്റെ പ്രവര്‍ത്തികള്‍ ന്യായീകരിക്കപ്പെടുന്നത്.

ആറു വര്‍ഷത്തിന് ശേഷവും കുടുംബത്തിന്റെ ട്രൗമ മാറിയിട്ടില്ല. ഇരയും വിധികര്‍ത്താവുമായിരുന്ന പെണ്‍കുട്ടി ന്യൂറോട്ടിക് ആണ്. അമ്മയും സ്ഥിരം വ്യാകുലതയിലാണ്.

രണ്ടാമത്തെ മകളെ പോസിറ്റിവ് ആയി ഉപയോഗിക്കാന്‍ സാധ്യതയുണ്ടായിട്ടും അങ്ങിനെയൊന്നും ചെയ്തിട്ടില്ല. ആത്മാഭിമാനം സംരക്ഷിക്കുകയാണ് കുടുംബ നാഥന്റെ കടമ. അതിനു വേണ്ടി അയാള്‍ കുടുംബത്തെ അറിയിക്കുക പോലും ചെയ്യാതെ സ്വന്തം വിക്രിയകള്‍ തുടരുന്നു.

അത് തന്നെയാണ് സ്റ്റേറ്റിന്റെയും നിയോഗം. സുഹൃത്തിന്റെ മിഥ്യഭിമാനംസംരക്ഷിക്കാനും മകന്റെ കുറ്റകൃത്യം മൂടിവയ്ക്കാനുംഒരു ഐ ജി ചുമതലഏല്‍ക്കുന്നു. മകന്‍ ചെയ്തത് പോക്സോ കേസ് ആണെന്ന് അയാള്‍ക്കറിയാം.

കുടുംബ നാഥന്റെ വഞ്ചനക്കെതിരെയാണ് അയാള്‍ പോരാടുന്നത് ചുരുക്കത്തില്‍ ഇരുകൂട്ടരും ചെയ്യുന്നത് അവരവരുടെ അഭിമാനസംരക്ഷണമാണ്. അതില്‍ എല്ലാം മുന്‍കൂട്ടി കണ്ട ശുദ്ധ പാട്രിയര്‍ക് ആയ ഹീറോയിക് കുടുംബ നാഥന്‍ വിജയിക്കുന്നു. അയാളുടെ കുടുംബവുമായുള്ള ബന്ധം സ്‌നേഹത്തേക്കാള്‍ ഏറെ ആശ്രിതവാത്സല്യമാണ്.തന്റെ വ്യാകുലയായ ഭാര്യ രഹസ്യം ചോര്‍ത്തിയേക്കാം എന്ന് വരെ അയാള്‍ മുന്‍ കൂട്ടി കാണുന്നു.

കുടുംബം സ്വത്ത് ലൈംഗികത തുടങ്ങിയവയില്‍ എല്ലാം മധ്യവര്‍ഗം സ്വീകരിച്ചുപോരുന്ന കാപട്യവും ക്രിമിനലിറ്റിയും സിനിമകളില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നു. ഈ ക്രിമിനലിറ്റി അബദ്ധത്തില്‍ കാണുന്ന മറ്റൊരു ക്രിമിനല്‍ ജീവിക്കാനായി സ്വന്തം വിവരം വില്‍ക്കുന്നതോടെ എല്ലാ രംഗങ്ങളിലും ക്രിമിനലിറ്റി ന്യായീകരിക്കപ്പെടുകയാണ് ഒരാളുടെ സ്വകാര്യജീവിതം ബഗ് ചെയ്യുന്ന പോലീസും അതേ ക്രിമിനലിറ്റിയുടെ ഭാഗമാണ്.

മധ്യവര്‍ഗ സമൂഹത്തിലെ ക്രിമിനലിറ്റിയെ തുടര്‍ച്ചയായി ന്യായീകരിക്കുന്ന മലയാള സിനിമയുടെ മുഖമാണ് ഇവിടെ കാണുന്നത്. ക്രിമിനലിറ്റിയെ ഒരു ദൃശ്യമാക്കി മാറ്റാനുള്ള വ്യഗ്രത ഈ സംവിധായകന്റെ സിനിമകളില്‍ കാണാം.

സിനിമാക്കാര്‍ക്ക് സിനിമയോടുള്ള നഴ്സിസിസ്‌റ് സമീപനവും ഇതേ ക്രിമിനലിറ്റിയുടെ ഭാഗമാണ്.അതിനു കിട്ടുന്ന ജനപ്രീതിയും ഇതേ വലതുപക്ഷമധ്യവര്‍ഗ്ഗമുഖത്തെ കാണിക്കുന്നു. സിനിമയെ നിയന്ത്രിക്കുന്ന വലതുപക്ഷത്തിനെതിരെ നില്‍ക്കാന്‍ ധൈര്യപ്പെടുന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പോലുള്ള ചില സിനിമകള്‍ ഉണ്ടാകുന്നത് ആശ്വാസകരമാണ്.

നബി. ഒന്ന് വിട്ടുപോയി. അസ്ഥി നിമജ്ജനം ചെയ്താല്‍ ഏത് ക്രിമിനലിറ്റിയും കഴുകിപ്പോകും മധ്യവര്‍ഗത്തിന്റെ പുതിയ സൂത്രവാക്യം. ആദ്യം ധ്യാനമായിരുന്നെങ്കില്‍ ഇപ്പോള്‍ അസ്ഥിയാണ്.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button