കോവിഡ് വാക്‌സിന്‍ മൂലം വന്ധ്യത വരുമോ?…മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചത് മുതല്‍ ധാരാളം മിഥ്യാ ധാരണകളും ഉയര്‍ന്ന് വരികയാണ്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടുയരുന്ന സംശയങ്ങള്‍ക്ക് മിഥ്യാധാരണകള്‍ക്കും മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രംഗത്തെത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിന് രാജ്യത്ത് അടുത്ത ദിവസം തുടക്കം കുറിക്കാനിരിക്കെയാണ് സംശയങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.
വാക്‌സിന്‍ രോഗവ്യാപനത്തിന് ഇടയാക്കുമോ ? വന്ധ്യതയ്ക്ക് കാരണമാകുമോ? തുടങ്ങി നിരവധി സംശയങ്ങള്‍ക്ക് ഗ്രാഫിക് ഇമേജുകളുടെ സഹായത്തോടെ ട്വിറ്റര്‍ വഴിയായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. ചില പ്രതികരണങ്ങള്‍ ചുവടെ:
കോവിഡ് വാക്‌സിന്‍ സ്ത്രീകളിലോ പുരുഷന്മാരിലോ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്നത് സംബന്ധിച്ച് ഒരു ശാസ്ത്രീയ തെളിവുകളും ഇല്ല. അതുകൊണ്ട് തന്നെ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്നും വരുന്ന ഇത്തരം കിംവദന്തികളും വിവരങ്ങളും ദയവ് ചെയ്ത് കണക്കിലെടുക്കരുത്. കോവിഡ് 19 വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തുന്നത് കൊണ്ട് നിങ്ങള്‍ രോഗബാധിതനാകില്ല. ചെറിയ പനി പോലെയുള്ള താത്ക്കാലിക പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും എന്നാല്‍ അത് കോവിഡ് 19 ബാധിച്ചതു കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്.
വാക്‌സിനെടുത്ത് കഴിഞ്ഞാല്‍ ചില ആളുകള്‍ക്ക് ചെറിയ പനി, കുത്തിവയ്‌പ്പെടുത്ത ഭാഗത്ത് വേദന, ശരീര വേദന എന്നിവയുണ്ടാകാം. മറ്റ് ചില വാക്‌സിനുകള്‍ എടുത്ത് കഴിഞ്ഞ ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍ക്ക് സമാനമായുള്ളതാണിതും. കുറച്ചു സമയം കഴിയുമ്പോള്‍ മാറുകയും ചെയ്യും എന്ന് അദ്ദേഹം ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.