‘കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് മനസ്സിലാവുന്നത് ഇപ്പോഴാണ്;’ ചില ചിന്തകൾ മനസ്സിലുണ്ട്, തള്ളി മറയ്ക്കാൻ താൽപര്യമില്ല; കൃഷ്ണകുമാർ
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വേറിട്ട അനുഭവമായിരുന്നെന്ന് ബിജെപി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാർ. സ്കൂൾ തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്നും 20 ദിവസത്തിനുള്ളിൽ പല പാഠങ്ങളും പഠിച്ചെന്നും കൃഷ്ണകുമാർ പറഞ്ഞു.
സ്ഥാനാർത്ഥികളുടെ ഫലമറിയുന്നതു വരെ ടെൻഷനായിരിക്കുമോ എങ്ങനെയാണ് അവർ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാൻ ആലോചിച്ചിരുന്നത്. എന്നാൽ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോൾ മനസ്സിലായെന്നും കൃഷ്ണ കുമാർ പറഞ്ഞു.
സ്കൂൾ തെരഞ്ഞെടുപ്പിൽ പോലും ഞാൻ നിന്നിട്ടില്ല. മറ്റുള്ളവരെ ജയിപ്പിക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. തെരഞ്ഞെടുപ്പിൽ 90 ശതമാനവും നല്ല അനുഭവങ്ങളായിരുന്നു. എന്നാൽ തീരദേശത്തെ സ്ഥലങ്ങളിലും നഗരത്തിനകത്തെ കോളനി പോലുള്ള സ്ഥലങ്ങളിലെയും കാഴ്ച വിഷമിപ്പിച്ചു. സർക്കാർ തലത്തിൽ എങ്ങനെ ഇവരെയൊക്കെ സഹായിക്കാൻ പറ്റുമെന്നതിനെക്കുറിച്ച് പഠനം നടത്തി വരികയായിരുന്നു ഈ ദിവസങ്ങളിലെന്നും കൃഷ്ണകുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം മൂലം അഭിനയിച്ചു വന്ന സീരിയൽ ഷൂട്ടിംഗ് മുടങ്ങിയിരുന്നെന്നും സീരിയലിന്റെ സംവിധായകനോടും നിർമാതാവിനോടും അക്കാര്യത്തിൽ നന്ദിയുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം എന്തായാലും ആശങ്കയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ‘നമുക്ക് മുന്നിൽ സ്മൃതി ഇറാനി എന്ന സഹോദരിയുണ്ട്. അവർ ഫലം നോക്കിയില്ല. അവർ അവിടെ വർക് ചെയ്തു. അതിനുള്ള ഫലം അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അവർക്ക് കിട്ടി. ചില ചിന്തകൾ മനസ്സിലുണ്ട് തള്ളി മറയ്ക്കാൻ താൽപര്യമില്ല,’ കൃഷ്ണകുമാർ.