രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ചാരപ്രവര്‍ത്തനത്തിന് പിടിയില്‍
ശ്രീനഗര്‍: രോഹിങ്ക്യന്‍ അഭയാര്‍ഥികളെ ഇന്ത്യന്‍ സൈന്യം ജമ്മുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ചാരപ്രവര്‍ത്തനം നടത്താനാണ് ഇവര്‍ എത്തിയതെന്നാണ് സൈന്യം സംശയിക്കുന്നത്. സൈന്യത്തിന്റെ 68 സായുധ റെജിമെന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
അബ്ദുള്‍ അമീന്‍, അബ്ദുള്‍ സലിം എന്നിവരാണ് അറസ്റ്റിലായത്. പാക് പൗരന്മാരും മ്യാന്മര്‍ പൗരന്മാരും അംഗങ്ങളായ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇവര്‍ സജീവമാണെന്ന് സൈന്യം അറിയിച്ചു. ഇവരില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതിലെ വിവരങ്ങളെ സംബന്ധിച്ച് പുറത്തുപറഞ്ഞിട്ടില്ല. രണ്ടു പേരെയും ചോദ്യം ചെയ്ത ശേഷം സൈന്യം പോലീസിന് കൈമാറി. ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പല കോണുകളില്‍ നിന്നും നേരത്തേതന്നെ ശക്തമായ ആരോപണമുയര്‍ന്നിരുന്നു. ഇവര്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുമുണ്ട്.
രോഹിങ്ക്യകള്‍ അഭയാര്‍ഥികളല്ലെന്നും വലിഞ്ഞുകേറിവന്ന ഭീകരവാദികളാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിമര്‍ശിച്ചിരുന്നു. രോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ ചിലര്‍ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.