Kerala NewsLatest NewsNewsPolitics

പിന്‍ഗാമിയായി മരുമകന്‍; പിണറായിക്കെതിരെ പടയൊരുക്കം

തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ലോക്കല്‍ സമ്മേളനങ്ങള്‍ പുരോഗമിക്കവേ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പടയൊരുക്കവുമായി ഒരു വിഭാഗം. പൊതുമരാമത്ത് മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിനെ തന്റെ പിന്‍ഗാമിയാക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പിണറായിക്കെതിരെ പടയൊരുക്കം നടക്കുന്നത്.

മരുമകനെ സര്‍ക്കാരിലും രാഷ്ട്രീയത്തിലും സജീവമാക്കി നിര്‍ത്തി പിആര്‍ വര്‍ക്കിലൂടെ പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. റിയാസിനെ വാഴിക്കല്‍ അനുയായികളെ കൊണ്ട് നടപ്പിലാക്കാനുമാണ് പിണറായിയുടെ തീരുമാനം. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ പിണറായിയുടെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് റിയാസിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന നിര്‍ദേശവും ചിലകേന്ദ്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

എംഎല്‍എമാരാരും കരാറുകാരെയും കൂട്ടി മന്ത്രിയെക്കാണാന്‍ വരരുതെന്ന നിര്‍ദേശം ബോധപൂര്‍വം പറഞ്ഞതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പിആര്‍ വര്‍ക്കിലൂടെ പ്രതിച്ഛായ വളര്‍ത്താന്‍ ഇത്തരം വിളിച്ചുപറയലുകള്‍ സഹായിക്കുമെന്ന വിമര്‍ശനം വ്യാപകമാണ്. സിപിഎം യോഗത്തില്‍ ഇതിനെ വിമര്‍ശിച്ചവര്‍ കഥയറിയാതെ ആട്ടം കാണുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്നും മുഖ്യമന്ത്രിയില്‍ നിന്നും പരസ്യമായ പിന്തുണ റിയാസിന് ലഭിച്ചത് മറ്റുള്ളവര്‍ക്കുള്ള സന്ദേശം കൂടിയാണ്.

മുഹമ്മദ് റിയാസിനെ പിന്‍ഗാമിയാക്കുന്നതിലൂടെ പിണറായി വിജയന്‍ ലക്ഷ്യമിടുന്നത് നിരവധി കാര്യങ്ങളാണ്. അധികാരം കൈവിട്ടുപോകില്ല എന്നതിലുപരി ഇസ്ലാമിക വിഭാഗത്തില്‍പ്പെട്ടവരുടെ പിന്തുണ നേടാനുമാകും. ഏറെക്കുറെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനൊപ്പമുള്ള ലീഗടക്കമുള്ള വിഭാഗങ്ങളെയും തീവ്രമുസ്ലീം പക്ഷത്തെയും ഒരുപോലെ ഒപ്പംനിര്‍ത്താം. ന്യൂനപക്ഷ പിന്തുണയിലൂടെ അധികാരത്തുടര്‍ച്ചയ്ക്ക് നേതൃത്വത്തില്‍ റിയാസാണ് നല്ലതെന്നാണ് പിണറായിയും കൂട്ടരും കരുതുന്നത്.

എന്നാല്‍ പിണറായിയുടെ ഈ നീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലായി കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. തന്നെ കടത്തിവെട്ടി മുന്നിലേക്കെത്തുമെന്ന് പിണറായിക്കുറപ്പുള്ള പി. ജയരാജന്‍ അടക്കമുള്ളവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതും ഈ പിന്തുടര്‍ച്ച ഫലവത്താക്കാനാണെന്നും ആരോപണമുണ്ട്. ബിംബവത്കരണത്തിന്റെ പേരില്‍ പി. ജയരാജനെയും കേസിന്റെ പേരില്‍ കോടിയേരി ബാലകൃഷ്ണനെയും നിശബ്ദനാക്കി പിണറായി ഏകാധിപത്യത്തിന്റെ പുതിയൊരു മുഖമാണ് തുറന്നിടുന്നതെന്നും ആരോപണം ശക്തമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button