സാലറി ചലഞ്ച് വീണ്ടും, പറ്റില്ലെന്ന് ജീവനക്കാർ

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരുമാസത്തെ ശമ്പളം പിടിക്കുന്നത് തുടരും. സർക്കാരിന്റെ നിലവിലുള്ള സാമ്പത്തിക ദുസ്ഥിതിക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കുന്നത് തുടരുമെന്നു ധനമന്ത്രി തോമസ് ഐസക് ആണ് അറിയിച്ചത്. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. കോവിഡ് പ്രതിസന്ധിക്കിടെയുണ്ടായ സാമ്പത്തിക ഞെരുക്കം മാറ്റാനായി ചെയ്ത മാതൃകയില്‍ ആറുദിവസത്തെ വീതം ശമ്പളം ആറുമാസം കൂടി പിടിക്കാനാണ് തീരുമാനം. മാസത്തിൽ ആറ് ദിവസത്തെ ശമ്പളം പിടിക്കും. ജീവനക്കാരുടെ സംഘടനകളുടെ യോഗത്തിലും മന്ത്രി ഈക്കാര്യം അറിയിച്ചു. എന്നാൽ ജീവനക്കാരിൽ നിന്നും ഇനിയും വേതനം പിടിക്കാൻ പാടില്ലെന്നും ഇത് അംഗീകരിക്കില്ലെന്നും പ്രതിപക്ഷ സംഘടനകൾ അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ധൂര്‍ത്തും ആഢംബരവും കുറച്ചിരുന്നെങ്കില്‍ ധനപ്രതിസന്ധിയുണ്ടാകുമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് സംഘടനാ നേതാക്കള്‍ സാലറി ചാലഞ്ചിനോട് തങ്ങൾക്കുള്ള വിമുഖത അറിയിച്ചിട്ടുള്ളത്.
ജീവനക്കാരിൽ നിന്നും പിടിക്കുന്ന ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഇപ്രകാരം പി.എഫില്‍ ചേർത്ത തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാവുന്നതാണ്. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്. ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ 1-നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.
ശമ്പളം മാറ്റിവയ്ക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരും. എന്നാല്‍, ഇപ്രകാരം മാറ്റിവയ്ക്കപ്പെടുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും. ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് ‘കോവിഡ്-19 ഇന്‍കം സപ്പോര്‍ട്ട് സ്കീം’ എന്ന് പേര് നൽകാനാണ് തീരുമാനം. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കാമെന്നാണ് മന്ത്രി സഭാ തീരുമാനം.
പി.എഫ് ഇല്ലാത്ത പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 2021 ജൂണ്‍ 1-നു ശേഷം ഓരോ മാസത്തെയും തുക തുല്യ തവണകളായി പണമായി തിരിച്ചു നല്‍കും. ഇപ്പോള്‍ മാറ്റി വെച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കും എന്ന വ്യവസ്ഥയില്‍ സെപ്റ്റംബര്‍ മാസം മുതല്‍ അനുവദിക്കും. ഇത് 2021 ജൂണ്‍ 1 മുതല്‍ മാത്രമേ പിഎഫില്‍ നിന്ന് പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ. അടുത്ത സാമ്പത്തിക വര്‍ഷത്തെ എല്ലാ വിഭാഗം ജീവനക്കാരുടെയും ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രം അനുവദിച്ചാൽ മതിയെന്നാണ് മന്ത്രിസഭാ തീരുമാനം എടുത്തിട്ടുള്ളത്.