സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി, നടിയെ ആക്രമിക്കപ്പെട്ട കേസ് അതെ വിചാരണ കോടതിയിൽ തുടരും.

ന്യൂഡൽഹി/ നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജഡ്ജിക്കെതിരെ അനാവശ്യമായി ആക്ഷേപം ഉന്നയിക്കരുതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാൻ സമയം വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കേസിൽ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതിയെ സമീപിച്ച വിവരം പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്ന് വിചാരണക്കോടതി നടപടികൾ നിർത്തിവച്ചിരിക്കുകയാണ്.
വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപണം ഉന്നയിച്ചിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും അത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് പറഞ്ഞു ഹൈക്കോടതി അത് അംഗീകരിച്ചിരുന്നില്ല. കേസിലെ വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് സര്ക്കാര് സുപ്രിംകോടതിയെ സമീപിക്കുന്നത്. സർക്കാർ ഹർജിക്കെതിരെ പ്രതി ദിലീപ് സുപ്രീം കോടതിയിൽ തടസഹർജി ഫയൽ ചെയ്തിരുന്നു.