സഞ്ജിത്തിനെ ആക്രമിച്ചത് നാലല്ല, അഞ്ചുപേര്‍; തന്റെ പ്രാണനെ വെട്ടിനുറുക്കിയതിന്റെ നടുക്കം മാറാതെ അര്‍ഷിത
പാലക്കാട്: തന്റെ പാതി ജീവന്‍ വെട്ടേറ്റു പിടയുമ്പോള്‍ ജീവന്‍ രക്ഷിക്കാനായി നിസഹായയായി കരഞ്ഞു തളര്‍ന്ന് മുന്‍പത്തെ പോലെ തിരിച്ചെത്തുമെന്ന പ്രതീക്ഷ പൊലിഞ്ഞതിന്റെ ആഘാതം വിട്ടുമാറാതെ അര്‍ഷിത. അഞ്ചു പേര്‍ ചേര്‍ന്ന് അര്‍ഷിതയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. നാലു പേരെന്നാണ് പോലീസ് പറഞ്ഞത്. രാവിലെ 8.40ന് വീട്ടില്‍ നിന്ന് ഇറങ്ങിയതാണെന്നും, ഗട്ടര്‍ വന്ന് ബൈക്ക് സ്ലോ ആക്കിയപ്പോള്‍ കാറില്‍ വന്നവര്‍ വെട്ടുകയായിരുന്നുവെന്നും അര്‍ഷിത പറയുന്നു.
അഞ്ച് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. അവരെ ഇനി എപ്പോള്‍ കണ്ടാലും തിരിച്ചറിയും. ആരും മുഖം മറച്ചിരുന്നില്ല. സജിത്തിന് ഭീഷണിയുണ്ടായിരുന്നു. അതിനാല്‍ ഒരാഴ്ച മുന്നേ മമ്പറത്തുള്ള തന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. തന്നെ വലിച്ച് ചാലിലേക്ക് ഇട്ട ശേഷം, നാട്ടുകാരുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ വെട്ടിയതെന്നും അര്‍ഷിത പറഞ്ഞു. ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് ദാരുണമായ കൊലപാതകം നടന്നത്. ഭാര്യയെ നഗരത്തിലെ ജോലിസ്ഥത്തേക്ക് കൊണ്ടുപോകുമ്പോള്‍ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റോഡില്‍ തെറിച്ചു വീണ സഞ്ജിത്തിനെ ഭാര്യ അര്‍ഷിതയ്ക്ക് മുന്നില്‍ വച്ച് വടിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സഞ്ജിത്ത് മരിച്ചിരുന്നു. ശരീരത്തില്‍ മുപ്പതോളം വെട്ടുകള്‍ ഉണ്ടായിരുന്നു. സഞ്ജിത്തിന് നേരെ നേരത്തേയും എസ്ഡിപിഐ പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.
അവസാനമായി സഞ്ജിത്തിനെ കാണാന്‍ എലപ്പുള്ളിയിലെ വീട്ടിലെ മുറിയില്‍ മരവിച്ച അവസ്ഥയില്‍ ഒരേ ഇരിപ്പായിരുന്നു അര്‍ഷിത. ഇടയ്ക്ക് കുഞ്ഞ് കരഞ്ഞപ്പോള്‍ സമാധാനിപ്പിച്ചു. കാത്തിരിപ്പിന് വിരാമമിട്ട് വൈകിട്ട് ആറേമുക്കാലോടെ സഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ തലയടിച്ച് കരഞ്ഞ അര്‍ഷിതയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കുമായില്ല. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ്, സെക്രട്ടറി എ. നാഗേഷ്, വക്താവ് സന്ദീപ് ജി.വാര്യര്‍ എന്നിവര്‍ സഞ്ജിത്തിന്റെ വസതിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.