Kerala NewsLatest NewsPoliticsUncategorized

പിറവത്തെ കേരള കോൺഗ്രസ് എം സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി; മൽസരിക്കുന്നത് സിപിഎം സംസ്ഥാന നേതാക്കളുടെ അനുമതിയോടെയെന്ന് സിന്ധു

കൊച്ചി: പിറവത്തെ കേരള കോൺഗ്രസ് എം സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് അംഗമായിരുന്ന സിന്ധുമോൾ ജേക്കബ് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

എന്നാൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താൻ സ്ഥാനാർഥിയായത് എന്നാണ് സിന്ധുമോളുടെ പ്രതികരണം. പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും രണ്ടില ചിഹ്നത്തിൽ മത്സരിക്കുമെന്നും അവർ പറഞ്ഞു.

ഇതിനിടെ പിറവത്തെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ്- എമ്മിൽ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപ്പുറം പാർട്ടിയിൽനിന്ന് രാജിവെച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന വൈസ് പ്രസിഡന്റു കൂടിയായ ജിൽസിനെ പിറവം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. രാജിവെച്ച ശേഷം പാർട്ടിക്കെതിരേ രൂക്ഷവിമർശനമാണ് ജിൽസ് ഉന്നയിച്ചത്. സിന്ധുമോൾ ജേക്കബിനെ സ്ഥാനാർഥിയാക്കി കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് എം പ്രഖ്യാപനം നടത്തിയത്. സാമുദായിക പരിഗണനയാണ് സിന്ധുമോൾ ജേക്കബിന്റെ സ്ഥാനാർഥിത്വത്തിലേക്ക് നയിച്ചത്.

പാലക്കുഴ പഞ്ചായത്തിൽ സി.പി.ഐ. പ്രതിനിധിയായിരുന്ന പാലക്കുഴ ഓലിക്കൽ ജേക്കബ് ജോണിന്റെയും ചിന്നമ്മ ജേക്കബ്ബിന്റെയും മകളാണ് സിന്ധുമോൾ ജേക്കബ്. പ്രീഡിഗ്രി പഠനകാലത്ത് മൂവാറ്റുപുഴ നിർമല കോളേജിൽനിന്ന് എ.ഐ.എസ്.എഫ്. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങി. കുറിച്ചി ഹോമിയോ കോളേജിൽനിന്ന് ബി.എച്ച്.എം.എസ്. ബിരുദം നേടി. ഹോമിയോ ഡോക്ടറായി സ്വകാര്യ പ്രാക്ടീസ് തുടങ്ങി.

ഹോമിയോ ഡോക്ടറായ ഡോ. ജയ്സ് പി. ചെമ്മനാട്ടിന്റെ വധുവായി ഉഴവൂരിലെത്തി. 2005-ൽ ഇടതു സ്വതന്ത്രയായി മത്സരിച്ച് ജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായി. ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഡി.ഐ.സി. പ്രതിനിധിയായി ജയിച്ച മോളി ലൂക്കാ കേരള കോൺഗ്രസ്-എമ്മിനൊപ്പം എത്തുകയും കേരള കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ 2009-ൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താവുകയും ചെയ്തു.

2010-ലും 2015-ലും ഉഴവൂർ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. നിലവിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button