ബി ജെ പിയിലേക്ക് പോകുമെന്നത് ഒരു ഉദ്യോഗസ്ഥന്‍ പടച്ച് വിട്ട കഥ,ശരത്ചന്ദ്ര പ്രസാദ്

തിരുവനന്തപുരം: താന്‍ ബി ജെ പിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ വികാരാധീനനായി കെ പി സി സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്. തന്റെ തന്നെ നേതാവിന്റെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഇന്നലെ മുതല്‍ പടച്ച് വിട്ടുകൊണ്ടിരിക്കുന്ന സാധനമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
1978 മുതല്‍ എന്റെ ചോരയും നീരും ഈ പാര്‍ട്ടിയാണ്. 28 കൊല്ലമായി കെ പി സി സി ഭാരവാഹിയാണ്. വീട്ടിലെ വസ്‌തു തര്‍ക്കത്തിന് വേണ്ടിയല്ല മാര്‍ക്‌സിസ്റ്റുകാര്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചത്. ചോദ്യം ചോദിക്കുമ്പോഴും മറുപടി പറയുമ്പോഴും എന്റെ മനസില്‍ ആത്മരോഷമാണ്. എന്തൊരു നാണക്കേടാണ്. സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിച്ചത് ശരിയാണ്. 1991ല്‍ എം എല്‍ എ ആയ ശേഷം 1996ല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായി. പിന്നെ ഇരുപത് കൊല്ലം സ്ഥാനാര്‍ത്ഥി ആയില്ലെന്നും’ ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.
‘മഹാത്മാഗാന്ധി എന്റെ വികാരമാണ്. ഇന്ദിരഗാന്ധി എന്റെ പ്രചോദനമാണ്. കെ കരുണാകരന്‍ എന്റെ രാഷ്ട്രീയ ഗുരുവാണ്. അവരുടെ ചിന്തയാണ് എന്റെ ഹൃദയത്തിലുളളത്. ആര് പോയാലും ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാണ്. എന്റെ ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോള്‍ പോലും ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സിന്ദാബാദ് എന്നാണ് വിളിച്ചത്. ഈ പറയുന്നവനൊക്കെ ദൈവം കൊടുക്കും. എന്റെ നേതാവിന്റെ ഓഫീസിലെ ഒരുത്തന്‍ അവന് ഇഷ്‌ടപ്പെട്ട ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ വേണ്ടി ചെയ്‌ത പണിയാണിത്. ശരത്ചന്ദ്ര പ്രസാദ് കോണ്‍ഗ്രസാണ്. ഈ ചോര കോണ്‍ഗ്രസിന് വേണ്ടിയുളളതാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.