ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്തി: 23.51 കോടിയാക്കി
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തുക 23.51 കോടിയാക്കി ഉയര്‍ത്തി. 8് സ്‌കോളര്‍ഷിപ്പുകളാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് നല്‍കുന്നത്. ഇതുവരെ ഇതിനായി 17.31 കോടി രൂപയാണ് ചെലവഴിച്ചത്. ഇത് 23.51 കോടിയായി സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ത്തി. 80:20 അനുപാതത്തില്‍ നല്‍കിയിരുന്നപ്പോള്‍ ഒന്നരക്കോടിയോളം ക്രൈസ്തവ വിഭാഗത്തിനും ആറരക്കോടിയോളം രൂപ മുസ്ലീം വിദ്യാര്‍ഥികള്‍ക്കുമാണ് ലഭിച്ചിരുന്നത്.
എന്നാല്‍ മുസ്ലീം വിഭാഗത്തിനുള്ള ഈ വിഹിതം കുറയാതിരിക്കാനായി സര്‍ക്കാര്‍ സി.എച്ച്. സ്‌കോളര്‍ഷിപ്പ് എട്ടുകോടിയില്‍ നിന്ന് പത്തുകോടിയാക്കി ഉയര്‍ത്തി. മുസ്ലീം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് മാത്രമാണ് നിലവില്‍ പഠനം നടത്തിയിട്ടുള്ളത്. ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെ.ബി. കോശി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഈ രീതിയില്‍ തന്നെ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് ആറരക്കോടി രൂപ തന്നെ ലഭിക്കും. ക്രൈസ്തവ വിഭാഗത്തിനുള്ള വിഹിതം ഒന്നരക്കോടിയില്‍ നിന്ന് നാലരക്കോടിയായി ഉയരും.
കേരളത്തിലെ മുസ്ലിം വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2007-ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.
സ്‌കോളര്‍ഷിപ്പില്‍ 20 ശതമാനം 2011 ഫെബ്രുവരിയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കു കൂടി ബാധകമാക്കി. അതേസമയം ക്രൈസ്തവര്‍ക്ക് 20 ശതമാനം നിശ്ചയിച്ചത് ജനസംഖ്യാനുപാതികമായല്ലെന്ന് ഹൈക്കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സര്‍ക്കാര്‍ ഇപ്പോള്‍ പുതുക്കിയത്.