സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ലാബുകൾ സജ്ജമാക്കുന്നു; ആർടിപിസിആർ പരിശോധന വർധിപ്പിക്കും
തിരുവനന്തപുരം: കൊറോണ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിൽ സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ ആർടിപിസിആർ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാൻ കൂടുതൽ മൊബൈൽ ലാബുകൾ സജ്ജമാക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ രോഗബാധിതരെ കണ്ടെത്താൻ റാപ്പിഡ് ആൻറിജൻ പരിശോധനയും വ്യാപിപ്പിക്കും.
കോഴിക്കോട്, പാലക്കാട്, കണ്ണൂർ, മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ ഇവിടങ്ങളിൽ ആർടിപിസിആർ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടാനാണ് തീരുമാനം. ലാബുകളുടെ ശേഷി പരമാവധി വിനിയോഗിക്കണം.
രോഗലക്ഷണങ്ങളുള്ളവരിൽ ആൻറിജനൊപ്പം പിസിആർ പരിശോധനയും നിർബന്ധമാക്കി. ഇതുകൂടാതെ ലാബുകളുടെ കുറവുള്ള ഇടുക്കി, വയനാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ കൂടുതൽ മൊബൈൽ ലാബുകൾ സജ്ജമാക്കാൻ മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. നിലവിൽ സ്വകാര്യ കമ്പനികളുടെ സഹായത്തോടെ 10 ആർ ടി പിസിആർ മൊബൈൽ ലാബുകൾ സംസ്ഥാനത്തിൻറെ വിവിധ ഇടങ്ങളിലുണ്ട്.
ഇപ്പോൾ ടെൻഡർ നൽകിയിട്ടുള്ള സാൻഡോർ മെഡിക്കൽസ് എന്ന കമ്പനിയുമായി ചേർന്നോ ടെണ്ടറിൽ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളുമായി ചേർന്നോ മൊബൈൽ ലാബുകൾ സജ്ജമാക്കാനാണ് ശ്രമം. സ്വകാര്യ ലാബുകളിൽ നിന്ന് വ്യത്യസ്തമായി മൊബൈൽ യൂണിറ്റിൽ പരിശോധന ചെലവ് 500 രൂപയിൽ താഴെ മാത്രമാണ്. അതിനാൽ പരമാവധിപേരെ പരിശോധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
രോഗമുള്ളവരെ വളരെ വേഗത്തിൽ കണ്ടെത്തി രോഗ വ്യാപനമുണ്ടാക്കാതെ നിരീക്ഷണത്തിലാക്കാനാണ് വ്യാപക പരിശോധന. നിലവിലെ തീവ്ര വ്യാപന സാഹചര്യത്തിൽ ദിനംപ്രതിയുള്ള പരിശോധനകളുടെ എണ്ണം ഒരു ലക്ഷം വരെ ആക്കണമെന്ന ആവശ്യം ആരോഗ്യ വിദഗ്ധരും മുന്നോട്ട് വച്ചിട്ടുണ്ട്.