കെഎസ്ആര്‍ടിസിക്ക് അടിമുടി മാറ്റം; ആനവണ്ടികള്‍ക്ക് ഇനി റിവേഴ്‌സ് ഹോണും!
തിരുവനന്തപുരം: ബസ് പിന്നോട്ടെടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. എന്നാല്‍ ഇത് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് റിവേഴ്‌സ് ഹോണ്‍ സംവിധാനം ഒരുക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ബസ് പിന്നോട്ടെടുക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനാണ് അധികൃതരുടെ ഈ തീരുമാനം. എല്ലാ ബസുകള്‍ക്കും റിവേഴ്‌സ് ഹോണ്‍ നല്‍കാന്‍് സിഎംഡി ബിജു പ്രഭാകര്‍ കര്‍ശന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ അടുത്തിടെ തമ്പാനൂര്‍ ഡിപ്പോയില്‍ ബസ് പിന്നോട്ടെടുക്കുന്നതിനിടെ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്് അടിയന്തിര നടപടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സര്‍വീസ് സമയത്ത് കെഎസ്ആര്‍ടിസി ബസുകളുടെ യാത്ര മുടങ്ങുന്നത് ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
അപകടം മൂലമോ അല്ലെങ്കില്‍ ബ്രേക്ക് ഡൗണ്‍ മൂലമോ തുടര്‍ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇനി മുതല്‍ അപകടമോ, ബ്രേക്ക് ഡൗണ്‍ കാരണമോ യാത്രക്കാരെ പരമാവധി 30 മിനിറ്റില്‍ കൂടുതല്‍ വഴിയില്‍ നിര്‍ത്തില്ലെന്നും ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്ര ഉറപ്പാക്കുമെന്നും ബിജു പ്രഭാകര്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസിനോട് യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടന്‍ തന്നെ പകരം യാത്രാ സൗകര്യവും ഒരുക്കും.
എല്ലാ ബസുകളിലെയും സംവരണം ചെയ്ത സീറ്റുകള്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ തിരിച്ചറിയാന്‍ പ്രത്യേകം നിറം നല്‍കി കളര്‍ കോഡിങ് ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍ ക്യാബിനിലെ ചൂട് കുറയ്ക്കാന്‍ എല്ലാ ബസുകളിലും എയര്‍ വെന്റ് ഡോര്‍, വാട്ടര്‍ ബോട്ടില്‍ ഹോള്‍ഡര്‍, സ്ഥലനാമ ബോര്‍ഡുകള്‍ തെളിഞ്ഞു കാണുന്നതിന് പ്രത്യേക എല്‍ഇഡി ബോര്‍ഡുകള്‍ , ഡ്രൈവര്‍ സീറ്റ് ഡ്രൈവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ വയ്ക്കുന്നതിന് സംവിധാനം, എന്നിവയും ഘടിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസിക്ക് അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി.