സംഭവം ഹോട്ട് തന്നെ… പക്ഷെ…

മലയാളികളുടെ ലൈംഗീകാസക്തികളെ ചൂഷണം ചെയ്യുന്ന സംഘം നവ മാധ്യമങ്ങളിൽ സജീവമാകുന്നു. സെക്‌സ് ചാറ്റിൽ കുരുക്കി സാമ്പത്തിക തട്ടിപ്പിനിരയാക്കുന്ന രാജസ്ഥാൻ സംഘമാണ് ഇപ്പോഴത്തെ ട്രെൻഡ്. രണ്ടു മാസത്തിനിടെ തട്ടിപ്പിനിരയായത് ഇരുപത്തിയഞ്ചിൽ അധികം
പേരാണെന്നും പണം നഷ്ടപ്പെട്ടെങ്കിലും നാണക്കേട് ഭയന്ന് ആരും പരാതിപ്പെടാത്തത് അന്വേഷണത്തിനു തടസമാണെന്നും പൊലീസ് ഹൈടെക് സെൽ പറയുന്നു.സമൂഹത്തിൽ ഉയർന്ന പദവിയുള്ള, സമൂഹമാധ്യമങ്ങളിൽ സജീവമായവരാണ് തട്ടിപ്പിനിരയാകുന്നത്.
സമൂഹമാധ്യമത്തിൽ വരുന്ന സൗഹൃദ റിക്വസ്റ്റോടെയാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം മെസഞ്ചറിൽ ചാറ്റു ചെയ്യും. വളരെ അടുപ്പമുള്ളവരെ പോലെ എന്തും തുറന്നു സംസാരിക്കാം എന്ന രീതിയിലാണ് പരിചയപ്പെടുക. സൗഹൃദമായിക്കഴിഞ്ഞാൽ വീട്ടുകാര്യങ്ങളും സുഹൃത്തുക്കളെയും കുറിച്ചു മനസിലാക്കും. ദിവസങ്ങൾ കഴിയുമ്പോൾ വാട്‌സാപ് നമ്പർ ചോദിച്ച് ചാറ്റ് ആരംഭിക്കും. ഉടൻ അത് സെക്‌സ് ചാറ്റിലേക്കു കടക്കും. ഒരു പരിധി കടന്നാൽ നഗ്‌നരായി വിഡിയോ ചാറ്റിനു ക്ഷണിക്കും. ഇതിന് ശേഷമാണ് ‘ഹോട്ട്’ ശരിക്കും ചൂടാവുന്നത്. വിഡിയോ ചാറ്റിൽ ഏർപ്പെട്ടാൽ ദിവസങ്ങൾക്കുശേഷം ഭീഷണി സന്ദേശം എത്തും. നഗ്‌നവിഡിയോ കയ്യിൽ ഉണ്ടെന്നും പണം നൽകിയില്ലെങ്കിൽ യുട്യൂബിൽ അടക്കം പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. ഭീഷണിക്കു വഴങ്ങാത്തവർക്കും ഇവരുടെ കയ്യിൽ മരുന്നുണ്ട്.യുട്യൂബിൽ അപ്‌ലോഡ് ചെയ്ത് പിന്നീട് ഡിലീറ്റ് ചെയ്തതിന്റെ വ്യാജ സ്‌ക്രീൻ ഷോട്ട് അയച്ചാണ് ഇത്തരക്കാരെ വരുതിക്ക് കൊണ്ടുവരുന്നത്. ഇതോടെ പേടിച്ച് മിക്കവരും പണം നൽകും. ഇത് തുടർന്നുകൊണ്ടെയിരിക്കും. പണം നൽകാത്തവരെ വാട്‌സാപ് കോളിലൂടെ ഭീഷണി തുടരും. ജോലിയും സാമ്പത്തിക നിലവാരവുമെല്ലാം സമൂഹമാധ്യമത്തിലൂടെ പരിശോധിച്ചശേഷമാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.
തട്ടിപ്പിനിരയായവർ പരിചയമുള്ള പൊലീസുകാരോട് വിവരങ്ങൾ കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈടെക് സെൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.സാധാരണക്കാരാരും ഇതുവരെ സെക്‌സ് ചാറ്റിങ് തട്ടിപ്പിനിരയായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. കേരള പൊലീസിനു ലഭിച്ച വിവരങ്ങൾ രാജസ്ഥാൻ പൊലീസിനു കൈമാറി. ഫോൺ നമ്പരുകളും അക്കൗണ്ടുകളുടെ വിവരങ്ങളുമാണ് കൈമാറിയത്. ഒഎൽഎക്‌സ് പോലുള്ള സൈറ്റുകൾ വഴി വരെ തട്ടിപ്പു നടത്തുന്ന സംഘങ്ങൾ രാജസ്ഥാനിൽ സജീവമാണ്. കേരള കേഡറിലെ ഐപിഎസുകാരുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പു നടത്തിയതും രാജസ്ഥാൻ, ഹരിയാന സംഘമാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഐജി പി. വിജയൻ അടക്കമുള്ളവരുടെ പേരിലാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. മലയാളികൾ തട്ടിപ്പു സംഘത്തിലില്ലെന്നും രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലുള്ളവരാണ് തട്ടിപ്പു നടത്തുന്നതെന്നും സംഘം കണ്ടെത്തി.