കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: ഷാഫി ചോദ്യം ചെയ്യലിന് ഹാജരായി; കസ്റ്റംസ് മടക്കിയയച്ചു
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് തിരിച്ചയച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ഷാഫിയെ മടക്കി അയച്ചു. ഷാഫിക്ക് ഇന്ന് സമന്‍സ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്ച വരാനും ആയിരുന്നു കസ്റ്റംസ് നിര്‍ദേശം.
ടിപി ചന്ദ്രശേഖരന് വധക്കേസില്‍ പരോളില്‍ കഴിയുന്ന ഷാഫിയോട് ഇന്ന് ഹാജരാകാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ശാരീരിക വിഷമതകളുണ്ടെന്നും തീയതി മാറ്റണമെന്നും അഭിഭാഷകന് മുഖേന ഷാഫി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് അടുത്ത തിങ്കളാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്കി.
എന്നാല്‍ ഷാഫി ഇന്ന് തന്നെ ഹാജരാവുകയായിരുന്നു. ഷാഫി ഹാജരായെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല. ചോദ്യം ചെയ്യല്‍ തീയതി മാറ്റിയതിനാല്‍ അപ്പോള്‍ വന്നാല്‍ മതിയെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
അതേസമയം കേസിലെ മുഖ്യപ്രതികള്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കേസില്‍ ആദ്യം പിടിയിലായ പ്രതി മുഹമ്മദ് ഷഫീക്ക് കഴിഞ്ഞദിവസം ജാമ്യാപേക്ഷ നല്കി. എറണാകുളം സാമ്ബത്തിക കുറ്റാന്വേഷണ കോടതിയിലാണ് അപേക്ഷ നകിയത്. കേസിലെ മുഖ്യ പ്രതി അര്ജുന് ആയങ്കി അടുത്തദിവസം ജാമ്യാപേക്ഷ നല്‍കും.