കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിയന്ത്രണങ്ങളുമായി നാല് സംസ്ഥാനങ്ങള്‍

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്/ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാല് സംസ്ഥാനങ്ങള്‍. കര്‍ണാടക, മഹാരാഷ്ട്ര, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പരിശോധിച്ച് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ ഈ സംസ്ഥാനങ്ങളിലേക്ക് പ്രവേശനമുള്ളൂ.
കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍ക്കെപ്പെടുത്തിയ ആദ്യ സംസ്ഥാനം മഹാരാഷ്ട്രയായിരുന്നു. ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമേ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയില്‍ പ്രവേശിക്കാനാകൂ. കേരളത്തിനു പുറമേ, ഗോവ, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കും മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.
തൊട്ടുപിന്നാലെ കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് കര്‍ണാടകയും വിലക്ക് ഏര്‍പ്പെടുത്തി. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. വയനാട്ടിലും കാസര്‍ഗോഡും പല അതിര്‍ത്തികളും കര്‍ണാടകം അടച്ചു. ആര്‍.ടി.പി.സി.ആര്‍. പരിശോധനാഫലം നെഗറ്റീവായവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തിവിടൂ എന്ന് ദക്ഷിണ കന്നഡ അധികൃതര്‍ അറിയിച്ചു.
മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കിലേ കര്‍ണാടകത്തിലും മണിപ്പുരിലും പ്രവേശിക്കാനാവൂ. ഉത്തരാഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും പുറത്തുനിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണ്.