Kerala NewsLatest NewsNewsPolitics

വൈരുധ്യാത്മക ദുര്യോഗവാദവുമായി ശിവന്‍കുട്ടിയും കൂട്ടരും കോടതിയില്‍

തിരുവനന്തപുരം: വൈരുധ്യാത്മക ഭൗതികവാദം എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിന് പകരം പുതിയ സിദ്ധാന്തം രചിക്കുകയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍. നിയമസഭയില്‍ ഗുണ്ടകളെ വെല്ലുന്നതരത്തില്‍ അഴിഞ്ഞാടിയ സിപിഎം എംഎല്‍എമാര്‍ തങ്ങള്‍ അന്നവിടെ കാണിച്ചുകൂട്ടിയ പോക്രിത്തരങ്ങളുടെ ദൃശ്യങ്ങളെല്ലാം വ്യാജമാണെന്നാണ് വാദിക്കുന്നത്.

താനൊരു മന്ത്രിയാകുമെന്ന് സ്വപ്‌നത്തില്‍ പോലും കാണാതെ സ്പീക്കറുടെ ഡയസില്‍ കയറി കസേരയും മറ്റും അടിച്ചുപൊളിച്ച ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയും മുന്‍ മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന്‍, മുന്‍ എംഎല്‍എമാരായ സി.കെ. സദാശിവന്‍, കെ. കുഞ്ഞമ്മദ്, കെ. അജിത് തുടങ്ങിയവരാണ് ഈ വാദമുഖവുമായി കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതി വരെ പോയ സര്‍ക്കാര്‍ അവസാനം പ്രതികള്‍ക്കെതിരെ വാദിക്കേണ്ട ഗതികേടിലാണ്. ഈ ദുര്യോഗം വന്ന ഏക പാര്‍ട്ടി സിപിഎമ്മാണ്. തങ്ങളുടെ മന്ത്രിക്കെതിരായി കേസ് വാദിക്കേണ്ട ഗതികേട് മറ്റൊരു സര്‍ക്കാരിനും ഇന്നുവരെ ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്കെതിരെ നടത്തിയ സമരമാണ് നിയമസഭ തല്ലിത്തകര്‍ക്കുന്നതിലേക്ക് നയിച്ചത്.

അന്ന് മാണിയെ കോഴമാണിയെന്നു വിശേഷിപ്പിച്ച എല്‍ഡിഎഫിനൊപ്പമാണ് അദ്ദേഹത്തിന്റെ മകനും പാര്‍ട്ടിയും. ഈ കേസില്‍ എന്തുനിലപാടാണ് സ്വീകരിക്കേണ്ടത് എന്നറിയാതെ നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് (എം). കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായ വിമര്‍ശനവുമായാണ് സുപ്രീംകോടതി തള്ളിയത്. പ്രതികളേക്കാള്‍ അതു മുറിവേല്‍പ്പിച്ചത് അവരെ രക്ഷിച്ചെടുക്കാന്‍ വാദിച്ച സര്‍ക്കാരിനെയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് വി. ശിവന്‍കുട്ടി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കിയത്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇതു തള്ളി. ഇതോടെ സര്‍ക്കാര്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. അവിടെയും തോറ്റപ്പോള്‍ സുപ്രീംകോടതിയിലെത്തി. അവിടെ കേസ് തോല്‍ക്കുകയും കനത്ത വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തു. ഇതിനായി പൊതുഖജനാവില്‍നിന്നു ദശലക്ഷങ്ങളാണ് മുടക്കിയത്. സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും പരാമര്‍ശവും വിധിയും സര്‍ക്കാരിനും പ്രതികള്‍ക്കും വന്‍ തിരിച്ചടിയായി. പരമോന്നത കോടതിയില്‍നിന്നു ചോദിച്ചു വാങ്ങിയ ഈ വിമര്‍ശനങ്ങള്‍ വിചാരണ ഘട്ടത്തില്‍ തിരിച്ചടിയാകുമോ എന്ന ആശങ്ക പ്രതിഭാഗത്തിന് സ്വാഭാവികം.

വിധിയില്‍ വ്യക്തിപരമായ വിമര്‍ശനങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും നിലപാട് സ്വീകരിച്ചത്. ശിവന്‍കുട്ടി മന്ത്രിയാവുന്നതിനു മുന്‍പെയാണ് ഈ കേസില്‍ നിന്നും തലയൂരാന്‍ സിപിഎം ശ്രമം തുടങ്ങിയത്. സുപ്രീംകോടതിയില്‍ കേസ് തോറ്റതോടെ വിടുതല്‍ ഹര്‍ജിയുമായി പ്രതികള്‍ വിചാരണ കോടതിയെ സമീപിച്ചു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമോ എന്നതു മാത്രമാണ് വിടുതല്‍ ഹര്‍ജികളില്‍ കോടതി പരിശോധിക്കുക.

വിടുതല്‍ ഹര്‍ജിയുടെ വാദത്തിനിടെയാണ് മുഖ്യതെളിവായ ദൃശ്യങ്ങള്‍ വ്യാജമാണെന്നു പ്രതികള്‍ വാദിക്കുന്നത്. ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡികളാണ് കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്. ഇത് അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമസഭ സെക്രട്ടറിയില്‍നിന്നു സാക്ഷ്യപ്പെടുത്തിയല്ല വാങ്ങിയതെന്നു ചൂണ്ടിക്കാട്ടിയാണ് ദൃശ്യം വ്യാജമെന്നുള്ള വാദം. നിയമസഭ ടിവിതന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് കോടതിയിലുള്ളത്. അതിനൊപ്പം അന്ന് സ്വകാര്യ ടിവി ചാനലുകളും ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. എല്ലാം നാടാകെ തത്സമയം കണ്ട ദൃശ്യങ്ങളാണ്. പത്ര ഫോട്ടോഗ്രാഫര്‍മാര്‍ അടക്കം പകര്‍ത്തിയ ചിത്രങ്ങളിലും അതിക്രമങ്ങള്‍ വ്യക്തമായുണ്ട്. അതാണു വ്യാജമെന്നു പ്രതികള്‍ ഇപ്പോള്‍ വാദിക്കുന്നത്.

കേസ് പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍ പോയപ്പോഴും ആ ദൃശ്യങ്ങള്‍ കണ്ടു സുപ്രീംകോടതി വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോഴുമൊന്നും ദൃശ്യങ്ങള്‍ വ്യാജമെന്ന വാദം ഉയര്‍ന്നിരുന്നില്ല. സുപ്രീംകോടതിയില്‍ ഏറ്റവും വിചിത്രമായ വാദം സര്‍ക്കാര്‍ വകയായിരുന്നു. നിയമസഭയില്‍ പ്രതികള്‍ തല്ലി തകര്‍ത്തതൊന്നും പൊതുമുതല്‍ അല്ലെന്നായിരുന്നു അത്. അതിനെ കോടതി രൂക്ഷമായ വിമര്‍ശനത്തോടെയാണ് തള്ളിയത്. അന്ന് പ്രതിപക്ഷ എംഎല്‍എമാരായിരുന്ന തോമസ് ഐസക്ക്, വി.എസ്. സുനില്‍ കുമാര്‍, ബി. സത്യന്‍ എന്നിവരും സ്പീക്കറുടെ വേദിയില്‍ കയറിയെങ്കിലും തങ്ങള്‍ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളതെന്ന് പ്രതികള്‍ വിലപിക്കുന്നുണ്ട്. നാടാകെ ടിവിയിലൂടെ ആവര്‍ത്തിച്ചു കണ്ട സംഭവത്തില്‍ സുരക്ഷാജീവനക്കാരുടെ മേല്‍ കുറ്റം ചാരാനാണ് ഇവരുടെ ശ്രമം.

മാത്രമല്ല, പ്രതി ചേര്‍ത്തതില്‍ പക്ഷപാതിത്വം സംഭവിച്ചെന്ന വാദവും അവര്‍ ഉയര്‍ത്തുന്നു. അതിനായി സ്വന്തം മുന്നണിയിലെ സഹ എംഎല്‍എമാരെയാണ് വാദത്തിലേക്കു വലിച്ചിടിട്ടിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഇപ്പോള്‍ വൈരുധ്യാത്മക ഭൗതികവാദം എന്ന തത്വത്തില്‍ നിന്ന് വൈരുധ്യാത്മക ദുര്യോഗം എന്ന അവസ്ഥയിലേക്ക് സിപിഎം എത്തപ്പെട്ടിരിക്കുന്നു എന്നുതന്നെയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button