നുണപരിശോധനയ്‌ക്ക് തയ്യാര്‍; ജാമ്യം തേടി കോടതിയെ സമീപിച്ച് സിദ്ദിഖ് കാപ്പന്‍
മഥുര: യുഎപിഎ ചുമത്തി കഴിഞ്ഞ ഒന്‍പത് മാസത്തോളമായി മഥുര ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്‍ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചു. തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്ന് ജാമ്യാപേക്ഷയില്‍ കാപ്പന്‍ ആവശ്യം ഉന്നയിച്ചു.
യുപി പൊലീസിന്റെ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്ന് കാപ്പന്‍ ആരോപിക്കുന്നു. താന്‍ നുണപരിശോധനയ്‌ക്ക് തയ്യാറാണ്. വിവരം അറിയിച്ചിട്ടും അന്വേഷണസംഘം പിന്മാറിയെന്ന് കാപ്പന്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോഴാണ് മഥുര പൊലീസ് കാപ്പനെ അറസ്‌റ്റ് ചെയ്‌തത്. കാപ്പനടക്കം നാലുപേരായിരുന്നു ഒക്‌ടോബര്‍ അഞ്ചിന് അറസ്‌റ്റിലായത്.
ജയിലില്‍ കഴിഞ്ഞിരുന്ന കാപ്പനെ കാണാന്‍ കുടുംബത്തെ അനുവദിച്ചിരുന്നില്ല. പിന്നീട് കൊവിഡ് ബാധിതനായ കാപ്പന് ചികിത്സ നല്‍കാനും പൊലീസ് തയ്യാറായിരുന്നില്ല. സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ കാപ്പന് ചികിത്സ നല്‍കി. എന്നാല്‍ ഇവിടെയും ഭാര്യയെയോ അഭിഭാഷകനെയോ കാണാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് രഹസ്യമായി കാപ്പനെ ഇവിടെനിന്ന് മഥുര ജയിലിലേക്ക് പൊലീസ് മാറ്റി. കാപ്പനെ നിര്‍ബന്ധിച്ച് ഡിസ്‌ചാര്‍ജ് ചെയ്യുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു.ഈ സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസും അയച്ചിരുന്നു.