അപ്രതീക്ഷിത രാജിയുമായി സിദ്ദു
ന്യൂഡല്‍ഹി: പഞ്ചാബ് പിസിസി അധ്യക്ഷനായി സ്ഥാനമേറ്റ് 72ാം ദിവസം രാജിവച്ചൊഴിഞ്ഞ് നവ്‌ജ്യോത് സിംഗ് സിദ്ദു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പദവിയില്‍ നിന്നും പുറത്താക്കാന്‍ വേണ്ടി മാത്രം അധ്യക്ഷ സ്ഥാനം സ്വീകരിച്ചതുപോലെയാണ് സിദ്ദു രാജിവച്ചിരിക്കുന്നത്. അമരീന്ദര്‍ രാജിവച്ചൊഴിഞ്ഞ മുഖ്യമന്ത്രി പദത്തിലേക്ക് സിദ്ദുവിന്റെ നോമിനിയായാണ് ചരണ്‍ജിത് സിംഗ് ചന്നി എത്തിയത്.
പാക് അനുകൂല നിലപാടുള്ളയാളാണ് സിദ്ദുവെന്നും സിദ്ദുവിനെ അംഗീകരിക്കാന്‍ തനിക്കാവില്ലെന്നുമാണ് അമരീന്ദര്‍ രാജിവച്ചശേഷം പ്രതികരിച്ചത്. സിദ്ദുവിനെ തോല്‍പിക്കാന്‍ താന്‍ ഏതറ്റം വരെയും പോകുമെന്നും അമരീന്ദര്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ രാജിവച്ച സിദ്ദു പഞ്ചാബിന്റെ ഭാവിയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. സിദ്ദു ദേശവിരുദ്ധനാണെന്ന് അമരീന്ദര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.
നെഹ്‌റു കുടംബത്തിന്റെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാതെ റിപ്പബ്ലിക് ടിവിക്ക് അഭിമുഖം നല്‍കിയ അമരീന്ദര്‍ സിദ്ദുവിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. പിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചെങ്കിലും കോണ്‍ഗ്രസില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നാണ് സിദ്ദു പറയുന്നത്. സിദ്ദുവിന്റെ രാജി പ്രഖ്യാപനത്തിനൊപ്പം ഇന്ന് മുന്‍കൂട്ടി നിശ്ചയിച്ച അമരീന്ദറിന്റെ ഡല്‍ഹിയാത്രയും വളരെ കൗതുകത്തോടെയാണ് രാഷ്ട്രീയരംഗം വീക്ഷിക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കാവുന്ന തീരുമാനങ്ങള്‍ അമരീന്ദര്‍ കൈക്കൊള്ളുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യ.
ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്. ഇക്കാര്യം അമരീന്ദര്‍ സിംഗും ബിജെപി നേതൃത്വവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിദ്ദുവിന്റെ രാജിയും അമരീന്ദറിന്റെ ഡല്‍ഹിയാത്രയും കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടുകയാണ്. കനയ്യകുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേരുന്ന ദിവസം തന്നെ നിര്‍ണായക തീരുമാനങ്ങളാണ് ഇരുവരും പുറത്തുവിട്ടിരിക്കുന്നത്. തന്നെ അപമാനിച്ചു പുറത്താക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയിലുള്ള അമര്‍ഷം അമരീന്ദര്‍ പലതവണ പ്രകടിപ്പിച്ചുകഴിഞ്ഞു.
ഒരിക്കലും കോണ്‍ഗ്രസ് നേതൃത്വവുമായി ചേര്‍ന്നുപോകാനാവാത്ത വിധത്തില്‍ അകന്നിരിക്കുകയാണ് അമരീന്ദര്‍ സിംഗ്. സിദ്ദുവാകട്ടെ തന്റെ നോമിനിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ നേതൃത്വവുമായി ചെറിയ നീരസത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയായി തന്റെ നോമിനി വന്നെങ്കിലും നിയന്ത്രണം പൂര്‍ണമായും ഹൈക്കമാന്‍ഡിന്റെ കൈയിലാണെന്ന പരിഭവമാണ് രാജിക്ക് കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.