Kerala NewsLatest NewsNewsPolitics

അരനൂറ്റാണ്ടായിട്ടും തെളിയിക്കാനാവാതെ അഴീക്കോടന്‍ വധം

തൃശൂര്‍: രക്തസാക്ഷികളുടെ തണലില്‍ വളര്‍ന്നുവന്ന പ്രസ്ഥാനമാണ് സിപിഎം. ഒന്നു മനസുവച്ചാല്‍ രക്ഷിക്കാമായിരുന്ന നിരവധി ജീവനുകള്‍ രക്തസാക്ഷി പട്ടികയില്‍ ഇടം നേടിയിട്ടുമുണ്ട്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷം സിപിഎമ്മില്‍ നിരവധി രക്തസാക്ഷികളുണ്ടായിട്ടുണ്ട്. പാര്‍ട്ടിയുടെ ശൈശവാവസ്ഥയെന്നു പറയാവുന്ന ഘട്ടത്തിലാണ് അഴീക്കോടന്‍ രാഘവന്‍ എന്ന മുതിര്‍ന്ന നേതാവ് കൊല്ലപ്പെടുന്നത്. 1972 സെപ്റ്റംബര്‍ 23ന് കൊല്ലപ്പെട്ട അഴീക്കോടന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

അഴീക്കോടനെ രക്തസാക്ഷിയാക്കാന്‍ നോക്കുമ്പോഴെല്ലാം സിപിഎമ്മിന് ഇന്നും ഉത്തരം നല്‍കാന്‍ കഴിയാതെ നില്‍ക്കുന്നത് യഥാര്‍ഥ കൊലയാളി ആരെന്ന ചോദ്യമാണ്. അണികളോടുപോലും ഇക്കാര്യത്തില്‍ നേതൃത്വം മൗനം പാലിക്കുകയാണ്. തൃശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ചെട്ടിയങ്ങാടിയില്‍ വച്ചാണ് അഴീക്കോടന്‍ കൊല്ലപ്പെട്ടത്. അന്നേദിവസം രാത്രി 9.15ന് അദ്ദേഹം താമസ സ്ഥലത്തേക്കു പോകുമ്പോള്‍ വഴിയില്‍വച്ച് വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് കുത്തേല്‍ക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്.

കുത്തേറ്റ അഴീക്കോടനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസും അവിടെയുണ്ടായിരുന്ന പാര്‍ട്ടിക്കാരും കാലതാമസം വരുത്തി. അത് അദ്ദേഹത്തിന്റെ മരണകാരണവുമായി. എന്നാല്‍ ആരാണ് അദ്ദേഹത്തെ കുത്തിയതെന്ന കാര്യം 49 വര്‍ഷമായിട്ടും തെളിയാതെ കിടക്കകുയാണ്. അഴീക്കോടന്‍ വധത്തിനു പിന്നില്‍ അന്നത്തെ ആഭ്യന്തരമന്ത്രി കെ. കരുണാകരനാണെന്നായിരുന്നു ആദ്യമുയര്‍ന്ന ആരോപണം. അന്നത്തെ പ്രതിപക്ഷ നേതാവ് കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഇ.എം.എസ്. നമ്പൂതിരിപ്പാടാണ് കരുണകാരനെതിരെ ആരോപണവുമായി എത്തിയത്. എന്നാല്‍ ഇഎംഎസ് തന്നെ അക്കാര്യം മാറ്റിപ്പറഞ്ഞു.

തൃശൂരില്‍ കാര്‍ഷിക സര്‍വകലാശാലയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരുണാകരനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇത് കേരളരാഷ്ട്രീയത്തെ പിടിച്ചുലച്ചു. 936 ഏക്കര്‍ വരുന്ന തട്ടില്‍ എസ്റ്റേറ്റ് 30 ലക്ഷം രൂപയ്ക്കാണ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായത്. എന്നാല്‍ ഏറ്റെടുത്തതാകട്ടെ രണ്ടു കോടി രൂപയ്ക്കും. ഇതോടനുബന്ധിച്ച് കരുണാകരന്റെ പിഎ ആയിരുന്ന ഗോവിന്ദന്‍ കൈക്കൂലി നല്‍കാന്‍ കത്ത് നല്‍കിയത് പുറത്തായി. തൃശൂര്‍ ഡിസിസി പ്രസിഡന്റായിരുന്ന എം.വി. അബൂബക്കറിന് 15,000 രൂപ നല്‍കാനാണ് ഗോവിന്ദന്‍ എസ്‌റ്റേറ്റ് മാനേജര്‍ വി.പി. ജോണിനോട് ആവശ്യപ്പെട്ടത്.

ഈ കത്ത് തൃശൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന നവാബ് എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഈ കത്ത് അഴീക്കോടന്റെ കൈവശമുണ്ടായിരുന്നു എന്നാണ് അന്ന് പറയപ്പെട്ടിരുന്നത്. ഈ കത്ത് നിയമസഭയില്‍ ഹാജരാക്കി വിഷയം അവതരിപ്പിക്കാന്‍ ഇഎംഎസ് തയാറെടുക്കുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് 24ന് തൃശൂരില്‍ ഇടതുനേതാക്കളുടെ യോഗം വിളിച്ചിരുന്നു. ഈ യോഗം നടക്കുന്നതിന്റെ തലേന്നു രാത്രിയാണ് അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ടത്. എന്നാല്‍ രാഘവന്‍ കൊല്ലപ്പെട്ടതോടെ കത്തും കാണാമറയത്ത് മറഞ്ഞു.

ആ കത്തിനെക്കുറിച്ച് അതിനുശേഷം സിപിഎമ്മോ ഇടതുപക്ഷമോ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. അന്നേദിവസം സ്ഥലത്തില്ലാതിരുന്ന മുന്‍ സിപിഎമ്മുകാരനായ ആര്യന്‍ എന്നയാളെ പ്രതിയാക്കാനാണ് പിന്നീട് ശ്രമം നടന്നത്. കരുണാകരനെതിരായ ആരോപണങ്ങള്‍ ഒരുനാള്‍ പെട്ടെന്നവസാനിപ്പിച്ച സിപിഎമ്മുകാര്‍ തങ്ങളുടെ മുന്‍ പ്രവര്‍ത്തകനായ ആര്യനെ പ്രതിയാക്കാന്‍ കാര്യമായി പരിശ്രമിച്ചു. ആര്യനാകട്ടെ സിപിഎമ്മില്‍ നിന്നും പുറത്തുവന്ന് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുയായിരുന്നു. അഴീക്കോടനെ കൊന്ന ആര്യനെ കൊല്ലുമെന്ന പ്രചാരണം തൃശൂരില്‍ ശക്തമായി പ്രചരിച്ചു. എന്നാല്‍ സെപ്റ്റംബര്‍ 23ന് ആര്യന് പാലക്കാട് ജില്ലയിലെ മംഗലം ഡാമില്‍ ഒരു പൊതുയോഗമുണ്ടായിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയാവുന്ന കാര്യവുമായിരുന്നു.

ഭീഷണി ശക്തമായതിനെ തുടര്‍ന്ന് ആര്യനെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. എന്നാല്‍ ഈ വസ്തുതകളെല്ലാം മറച്ചുവച്ച് ആര്യനെ പ്രതിയാക്കാന്‍ സിപിഎമ്മിന്റെ സമ്മര്‍ദം ശക്തമായിരുന്നു. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്യനെ പ്രതിയാക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ആഭ്യന്തരവകുപ്പില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പിന്നീടുവന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്യനെ പ്രതിയാക്കി കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോയി. കോടതിയില്‍ ആര്യന്‍ നിരപരാധിയാണെന്നു തെളിഞ്ഞു. ആര്യനെ കോടതി വെറുതെ വിട്ടതോടെ സിപിഎമ്മിനു മേല്‍ പൊതുജനങ്ങള്‍ക്ക് സംശയമുണ്ടായി.

കരുണാകരന്‍ എന്ന രാഷ്ട്രീയ പ്രതിയോഗിയെ ഒഴിവാക്കാന്‍ സിപിഎമ്മുകാര്‍ ആര്യനെ ബലിയാടാക്കുകയായിരുന്നുവെന്ന് അന്നുതന്നെ വിലയിരുത്തല്‍ ഉണ്ടായി. തങ്ങളുടെ സമുന്നതനായ നേതാവിനെ കൊലപ്പെടുത്തിയവരെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി ഒരുനടപടിയും സ്വീകരിച്ചില്ല. ബ്രാഞ്ച് തലത്തില്‍ ഉയരുന്ന ആരോപണങ്ങളടക്കം അന്വേഷിക്കാന്‍ കമ്മീഷനെ വയ്ക്കുന്ന സിപിഎം അഴീക്കോടന്റെ കാര്യത്തില്‍ നിസംഗതയാണ് പ്രകടിപ്പിച്ചത്. അഴീക്കോടനെ വധിച്ചത് നക്‌സലൈറ്റുകളാണെന്നടക്കം ഇഎംഎസ് പറഞ്ഞിട്ടുണ്ട്. നേതൃത്വം പറയുന്നതെന്തും അപ്പാടെ വിഴുങ്ങുന്ന അണികളാകട്ടെ ഇഎംഎസ് ഉയര്‍ത്തിയ വാദങ്ങളൊന്നും ചര്‍ച്ചയാക്കാന്‍ നിന്നതുമില്ല.

രക്തസാക്ഷി അഴീക്കോടന്‍ രാഘവനെ വര്‍ഷാവര്‍ഷം അനുസ്മരിക്കാറുണ്ടെങ്കിലും അരനൂറ്റാണ്ടോളമായി നിലനില്‍ക്കുന്ന ദുരൂഹത നീക്കാന്‍ സിപിഎം ഒരു നടപടിയും സ്വീകരിച്ചട്ടില്ല. ഇനിയെങ്കിലും അക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ പാര്‍ട്ടി തയ്യാറാവുമോ എന്ന് ഉറ്റുനോക്കുകയാണ് അന്നത്തെ തലമുറയിലുള്ള പാര്‍ട്ടിപ്രവര്‍ത്തകരടക്കമുള്ളവര്‍. ഇത്രയും കാലം തയ്യാറാവാത്ത കാര്യത്തിന് പാര്‍ട്ടി മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷ അവര്‍ക്കില്ലെങ്കിലും ഒരു രക്തസാക്ഷിക്കെങ്കിലും നീതി കിട്ടുമെങ്കില്‍ എന്ന പ്രത്യാശയാണ് ഏവര്‍ക്കുമുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button