BusinessLatest NewsNationalPolitics

വിപണിയുടെ കുതിപ്പ്: നിക്ഷേപകര്‍ അതീവജാഗ്രതയിലോ അതോ ആശങ്കയുടെ മുള്‍മുനയിലോ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ലോകത്തിലെ മറ്റു വിപണികളെ അപേക്ഷിച്ച് കുതിച്ചുയരുകയാണ്. പതിനായിരം പോയിന്റ് മറികടക്കാന്‍ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് എടുത്തത് വെറും എട്ടുമാസമാണ്. കൊറോണ വ്യാപനം മൂലം സ്തംഭിച്ചുപോയ ലോകവിപണിയെ തന്നെ അത്ഭുതസ്തബ്ധരാക്കിയാണ് ഇന്ത്യന്‍ വിപണി കുതിച്ചത്. 1979ല്‍ 100 പോയിന്റ് എന്ന സൂചികയില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് ആയിരം പോയിന്റ് എന്ന നാഴികക്കല്ലിലേക്കെത്താന്‍ നീണ്ട പത്തുവര്‍ഷമാണ് എടുത്തത്. 1990കളില്‍ പി.വി. നരസിംഹറാവു സര്‍ക്കാര്‍ ആഗോളവത്കരണത്തിനൊപ്പം പോയപ്പോഴാണ് ഇന്ത്യന്‍ വിപണിയുടെ ചലനത്തിന് വേഗത കൂടിയത്.

എന്നാല്‍ ഹര്‍ഷദ് മേത്ത നടത്തിയ ഓഹരി കുംഭകോണം ഇന്ത്യന്‍ വിപണിക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. അതെല്ലാം മറന്ന് വാജ്‌പേയി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ദൃശ്യമായ ബിസിനസ് ബൂമില്‍ ഇന്ത്യന്‍ ഓഹരി വിപണി കുതിക്കാന്‍ തുടങ്ങി. 2000ല്‍ ഇന്ത്യന്‍ വിപണി 5000 പോയിന്റ് കടന്നു. പിന്നീട് സൂചികകളെ വലിയ വീഴ്ചയിലേക്കു തള്ളിയിട്ടത് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണമാണ്. പാര്‍ലമെന്റ് ആക്രമണവും നിക്ഷേപകരെ ഓഹരി വില്‍ക്കാന്‍ പ്രേരിപ്പിച്ചു. പിന്നീട് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതോടെ ഓഹരി വിപണികള്‍ വീണ്ടും ഉണര്‍ന്നു. സെന്‍സെക്‌സ് 10,000 പോയിന്റ് മറികടന്നു മുന്നേറി. രാജ്യാന്തര വിപണിയിലുണ്ടായ കുതിപ്പിനെ കൂട്ടുപിടിച്ച് സെന്‍സെക്‌സ് 20,000 പോയിന്റ് മറികടന്നു. 2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യം വിപണിയെ തളര്‍ത്തി. 2010ല്‍ സത്യം കംപ്യൂട്ടര്‍ അഴിമതിയും ഓഹരികളുടെ മൂല്യമിടിച്ചു.

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ സൂചികകള്‍ വീണ്ടും കുതിക്കാന്‍ തുടങ്ങി. എന്നാല്‍ ടെലികോം, കോമണ്‍വെല്‍ത്ത് അഴിമതികള്‍ വിപണിയില്‍ വലിയ തിരുത്തലുകളുണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ ഓഹരി വിപണികള്‍ ഉണര്‍ന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലെത്തുമെന്ന സൂചനകള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ രൂപത്തില്‍ പുറത്തുവന്നതുമുതല്‍ വിപണികളില്‍ ആഘോഷം തുടങ്ങിയിരുന്നു. വലിയ ഉയരങ്ങള്‍ വിപണി കീഴടക്കി. പിന്നീട് വിപണികളില്‍ തിരുത്തലുണ്ടാക്കിയത് നോട്ട് നിരോധനമായിരുന്നു. പക്ഷേ, മാസങ്ങള്‍ക്കുള്ളില്‍ സെന്‍സെക്‌സ് 30,000 കടന്നു മുന്നേറി. പിന്നീട് ജിഎസ്ടി നടപ്പാക്കിയ മോദിയുടെ തീരുമാനം വിപണികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയയതും തൊട്ടടുത്ത ബജറ്റില്‍ കോര്‍പറേറ്റ് നികുതി 30ല്‍ നിന്ന് 25 ശതമാനമാക്കി കുറച്ചതും വിപണികളില്‍ വലിയ ചലനങ്ങളുണ്ടാക്കി. എന്നാല്‍ കോവിഡ് മഹാമാരി വിപണികളെയാകെ ബാധിച്ചു. വാക്‌സീനുകള്‍ക്ക് അനുമതി ലഭിച്ചപ്പോള്‍ മുതല്‍ വിപണികള്‍ കുതിപ്പു തുടങ്ങി. 2021 ജനുവരിയില്‍ 50,000 പോയിന്റ് മറികടന്ന സെന്‍സെക്‌സ് 2021 സെപ്റ്റംബര്‍ 24ന് 60000 പോയിന്റ് മറികടന്നു മുന്നേറി. ഇനിയും ഇന്ത്യന്‍ വിപണി കൂടുതല്‍ കുതിപ്പ് തുടരുമെന്നുതന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ മികച്ച നിക്ഷേപമാര്‍ഗമായി സ്റ്റോക് മാര്‍ക്കറ്റിനെ കാണുന്ന ചെറുപ്പക്കാരായ പ്രൊഫഷണലുകളാണ് ഈ കുതിപ്പിന് കരുത്തേകുന്നത്.

ബാങ്കുകള്‍ നിക്ഷേപത്തിനുള്ള പലിശ കുറച്ചതും ഓഹരി വിപണിയിലെ നിക്ഷേപം നേടിക്കൊടുക്കുന്ന അപ്രതീക്ഷിത ലാഭവുമെല്ലാം ഇതിനു കാരണമാണ്. ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം രണ്ടു കോടിയില്‍ നിന്ന് അഞ്ചു കോടിയായി മാസങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്നു. തങ്ങള്‍ വാങ്ങിയ ഓഹരികളുടെ സുരക്ഷിതത്വം ആവര്‍ത്തിച്ചുറപ്പാക്കുന്ന നിക്ഷേപകര്‍ ഇന്ന് മാര്‍ക്കറ്റിന് മുതല്‍ക്കൂട്ടാണ്. പെട്ടെന്നുണ്ടാകുന്ന കുതിപ്പ് പോലെ വിപണി ഇടിയുമോ എന്ന ഭയവും നിക്ഷേപകര്‍ക്കുണ്ട്. ഇത് മാര്‍ക്കറ്റിലെ ഓരോ ചലനവും നിരീക്ഷിക്കാന്‍ നിക്ഷേപകരെ നിര്‍ബന്ധിതരാക്കുന്നുണ്ട്. തങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്റ് സുരക്ഷിതമാണെന്ന് ചെറുകിട നിക്ഷേപകരും ഇടത്തര- വന്‍കിട നിക്ഷേപകരും അനുദിനം ഉറപ്പാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button