സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി ശിവശങ്കറിന് ബന്ധം

യു എ ഇ കോണ്സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിൽ സ്വർണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ബന്ധം. ശിവശങ്കറുടെ നിർദേശപ്രകാരം സ്വപ്നയുടെയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പേരിലുണ്ടാക്കിയ സംയുക്ത ലോക്കർ അക്കൗണ്ടും, സ്വപ്നയുടെ കൈയ്യിലെത്തിയ കോടികളും, സ്വപ്നയും ശിവശങ്കറുമായുള്ള പണമിടപാടുകളും അന്വേഷണ ഉദ്യോഗസ്ഥരെ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിലേക്ക് എത്തിച്ചിരിക്കുകയാണ്.
എൻ ഐ എ യുടെയും കസ്റ്റംസിന്റെയും ചോദ്യം ചെയ്യലുകളിൽ ശിവശങ്കർ നൽകിയ മറുപടികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് കസ്റ്റംസിന്റെ പുതിയ കണ്ടെത്തലുകൾ വിളിച്ചറിയിക്കുന്നത്. കേസിലെ പ്രധാന പ്രതികളിലൊരാളായ സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നില്ല എന്നാണു ശിവശങ്കർ ഇതുവരെ പറഞ്ഞിരുന്നത്. അത് കളവാണെന്നും, ജോയിന്റ് ലോക്കർ അക്കൗണ്ട് എടുക്കുന്നത് പോലും ശിവശങ്കർ പറഞ്ഞിട്ടായിരുന്നു എന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്റ് കസ്റ്റംസിന് മൊഴി നൽകിയിരിക്കുകയാണ്. സ്വര്‍ണക്കടത്തിന് കിട്ടിയ തുകയ്ക്ക് പുറമെ 1,85,000 ഡോളര്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കിയിരുന്നതാണ്. സ്വര്‍ണക്കടത്തിലൂടെയല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കോടിക്കണക്കിന് രൂപ സ്വപ്ന സ്വന്തമാക്കിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുമുണ്ട്. 1,35,000 ഡോളര്‍ സ്വപ്നയുടെ അക്കൗണ്ടിലെത്തിയതായാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 50,000 ഡോളര്‍ പ്രതിഫലമായി വേറെയും ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തുകയുണ്ടായി.
യുഎഇ സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്‍ജിഒകള്‍ വഴി കേരളത്തില്‍ പാവങ്ങൾക്കായുള്ള ഭവന നിര്‍മാണ പദ്ധതിയിൽ നിന്ന് തട്ടിയെടുത്ത തുകയാണിതെന്നാണ് കരുതുന്നത്. ഭവന നിര്‍മാണ പദ്ധതിയുടെ തങ്ങൾക്കുള്ള വിഹിതമായിട്ടാണ് ഈ പണം ലഭിച്ചതെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. ഈ വിഹിതത്തിന്റെ ഒരു പങ്ക് യുഎഇ കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും ലഭിച്ചിട്ടുണ്ടെന്നും, സ്വപ്ന പറയുന്നുണ്ട്. തൃശ്ശൂര്‍ ജില്ലയിലടക്കം യുഎഇയിലെ എന്‍ജിഒകള്‍ വഴി നടത്തുന്ന ഭവന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്വപ്നയും സരിത്തുമായിരുന്നു. ഇത്തരത്തില്‍ കിട്ടിയ കോടിക്കണക്കിന് തുക കണക്കില്‍ പെടുത്താനാണ് ശിവശങ്കര്‍ വഴി ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സേവനം തേടിയതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ഇക്കാര്യത്തിൽ ശിവശങ്കറിനുള്ള പങ്കും, ഇടപാടുകളൂം ഇത് സർക്കാരിന്റെ അറിവോടെ ആയിരുന്നുവോ എന്നതടക്കം അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയേണ്ടതുണ്ട്.