നവജാത ശിശുവിന്റെ കാൽപാദവും വിരലുകളും എലി കരണ്ട നിലയിൽ
ഭോപ്പാൽ: നവജാത ശിശുവിന്റെ കാൽപാദവും കാൽവിരലുകളും എലി കരണ്ട നിലയിൽ. മഹാരാജ യശ്വന്ത് റാവു ആശുപത്രിയിലെ പ്രസവവാർഡിലാണ് ദാരുണ സംഭവമുണ്ടായത്. മാസം തികയാതെ പ്രസവിച്ചതിനാൽ കുട്ടി പ്രത്യേക നിരീക്ഷണത്തിലായിരുന്നു. വാർത്താ ഏജൻസികളായ എഎൻഐ, പിടിഐ എന്നിവരാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. പ്രിയങ്ക-കിഷൻ ദൈമ ദമ്പതികളുടെ കുട്ടിയെയാണ് എലി കടിച്ചത്. സംഭവം ആദ്യം അവഗണിച്ചെങ്കിലും വാർത്തയായതോടെ അധികൃതർ നഴ്‌സുൾപ്പെടെയുള്ള ജീവനക്കാർക്കെതിരെ നടപടിയെടുത്തു. നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. രണ്ട് ശുചീകരണ തൊഴിലാളികൾ എന്നിവരെ പുറത്താക്കി. സുരക്ഷാ ചുമതലുള്ള സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
‘തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ഭാര്യ കുഞ്ഞിനെ മുലയൂട്ടാൻ പോയി. അപ്പോഴാണ് കുഞ്ഞിനെ എലി കടിക്കുന്നത് കണ്ടത്. ഇപ്പോൾ കുഞ്ഞിന് കാൽവിരലുകൾ ഇല്ല. ഉടൻ തന്നെ അധികൃതരെ അറിയിച്ചു. എന്നാൽ മുറിവ് കെട്ടുക മാത്രമാണ് ചെയ്തത്’-കിഷൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പിഎസ് താക്കൂർ പറഞ്ഞു. കുട്ടി ഇപ്പോൾ വിദഗ്ധ ഡോക്ടർമാരുടെ കീഴിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനിലക്ക് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.