എസ്‌കെയുടെ സ്വന്തം മോന്‍സണ് 24 ചാനലില്‍ നിക്ഷേപം
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍ നായരുടെ വാര്‍ത്താചാനലില്‍ മോന്‍സണ്‍ മാവുങ്കലിന് നിക്ഷപമെന്ന് റിപ്പോര്‍ട്ട്. മോന്‍സണിന്റെ സുഹൃത്തും ശ്രീകണ്ഠന്‍ നായരുടെ ചാനലില്‍ റിപ്പോര്‍ട്ടറുമായ സഹിന്‍ ആന്റണി വഴിയാണ് മോന്‍സണ്‍ നിക്ഷേപം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇപ്പോള്‍ രണ്ടരക്കോടിയോളം നിക്ഷേപമുണ്ടെന്നും അത് 10 കോടിയാക്കി ഉയര്‍ത്താമെന്നുമാണ് മോന്‍സണ്‍ നല്‍കിയ വാഗ്ദാനം.
മോന്‍സണിന്റെ പ്രൊമോഷനും പുരാവസ്തുശേഖരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കുമായി സഹിന്‍ ആന്റണിക്ക് പ്രതിമാസം 55000 രൂപ ശമ്പളമായി നല്‍കിയിരുന്നു. കൂടാതെ സഹിന്‍ ആന്റണിയുടെ ഭാര്യയ്ക്ക് മോന്‍സണിന്റെ നിയമോപദേഷ്ടാവെന്ന പദവിയും ലഭിച്ചു. സീനിയര്‍ റിപ്പോര്‍ട്ടര്‍ ആയ സഹിന്‍ ആന്റണിക്ക് ചാനലില്‍ എല്ലായ്‌പോഴും ഉയര്‍ന്ന പരിഗണനയാണ് ശ്രീകണ്ഠന്‍ നായര്‍ നല്‍കിയിട്ടുള്ളത്.
മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട കേസില്‍ ചാനലിലെ ന്യൂസ് എഡിറ്ററായ ദീപക് ധര്‍മടത്തെ ശ്രീകണ്ഠന്‍ നായര്‍ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാരിനെയും നാട്ടുകാരെയും പറ്റിച്ച കേസില്‍ പിടികൂടിയ മോന്‍സണിന്റെ സഹായിയായ സഹിന്‍ ആന്റണിയ്ക്ക് നേരെ ഒരു നടപടിയും ചാനല്‍ കൈക്കൊണ്ടിട്ടില്ല. സഹിന്‍ ആന്റണിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് ഭയമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും ഈ ചാനലില്‍ ജോലിക്കുകയറാന്‍ തട്ടിപ്പും വെട്ടിപ്പും മാത്രമാണ് കൈമുതലായി വേണ്ടതെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ അടിവരയിടുകയാണ്.
സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധിയെടുത്താണ് ഡോ. അരുണ്‍ കുമാര്‍ ചാനലില്‍ ജോലി നോക്കിയിരുന്നത്. അതിനെതിരെ നിരവധി പരാതികള്‍ സര്‍ക്കാരിനു മുന്നില്‍ എത്തി. തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ തിരിച്ച് സര്‍ക്കാര്‍ സര്‍വീസില്‍ കയറിയത്. മുട്ടില്‍ മരം മുറി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീപക് ധര്‍മടം ആകട്ടെ പ്രതിരോധ സേനയുടെ പ്രത്യേക പരിശീലനത്തിനായി പോകുമ്പോള്‍ വ്യാജസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതായി ആരോപണമുണ്ട്.
ഇപ്പോള്‍ സഹിന്‍ ആന്റണി തട്ടിപ്പുകാരന് ഒത്താശ ചെയ്ത കേസിലും ആരോപണ വിധേയനാണ്. എസ്‌കെയുടെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റിയവരെല്ലാം ഇങ്ങിനെ ആരോപണവിധേയരാണെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. ദൈവം തെറ്റുചെയ്താലും ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് ആവര്‍ത്തിക്കുന്ന ചാനല്‍ മേധാവി തെറ്റു ചെയ്യുന്നവരെ മാത്രം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യാപകമായി ആരോപണവും ഉയരുന്നുണ്ട്.