കടുത്ത ആശങ്ക നൽകി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുതിക്കുന്നു.

കടുത്ത ആശങ്ക നൽകി കൊണ്ട് തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുതിക്കുകയാണ്. ഞായറാഴ്ച മാത്രം 298 പേരില്‍ നടത്തിയ പരിശോധനയില്‍ 145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 144 തടവുകാരും ഒരു ഉദ്യോഗസ്ഥനും ഉൾപ്പെടും. ഇതുവരെ 363 തടവുകാർ ഉൾപ്പടെ ഉള്ളവർക്കാണ് പൂജപ്പുര ജയിലില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
900ല്‍ അധികം ആളുകളാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. തിങ്കളാഴ്ചയോടെ ഇവരില്‍ എല്ലാവര്ക്കും ആന്റിജന്‍ പരിശോധന നടത്തും. പ്രായമേറിയവരും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരാണ് കൂടുതല്‍ അന്തേവാസികളുമെന്നതിനാല്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. ഞായറാഴ്ച ഒരു മരണവും സെന്‍ട്രല്‍ ജയിലിൽ തടവുകാരിൽ നിന്നായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ ആദ്യം രോഗബാധ സ്ഥിരീകരിച്ച വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠന് (72) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 72 വയസ്സായിരുന്നു. കടുത്ത ആസ്ത്മ രോഗിയായിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങളോടെ 11 നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.