ഇനിയും ഒളിച്ചുകളിച്ചാല്‍ ഞാന്‍ കൂടുതല്‍ രേഖകള്‍ പുറത്തുവിടും,വീണ്ടും വെല്ലുവിളിച്ച് ചെന്നിത്തല

ഇനിയും ഒളിച്ചുകളിച്ചാല്‍ അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു മന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് ചെന്നിത്തലയുടെ വെല്ലുവിളി. മന്ത്രി ഇപി ജയരാജനും അഴിമതിയില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.അമേരിക്കന്‍ കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞതിന് തൊട്ടുപിന്നാലെ വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോടികളുടെ അഴിമതി നടത്താനാണ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ടോം ജോസിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയ്ക്ക് മനോനില തെറ്റിയെന്ന മേഴ്‌സിക്കുട്ടിയമ്മയുടെ പരിഹാസത്തിനുനേരെയും ചെന്നിത്തല ആഞ്ഞടിച്ചു. ആരുടെ മനോനിലയാണ് തെറ്റിയതെന്ന് കുണ്ടറക്കാര്‍ക്ക് അറിയാമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കൊല്ലത്ത് ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ ഒരു വന്‍കിട കുത്തക കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുമതി നല്‍കിയെന്നാണ് ചെന്നിത്തല അല്‍പ്പസമയം മുന്‍പ് ആരോപിച്ചത്. ഇതിന് തൊട്ടുപിന്നാലെ എല്ലാ ആരോപണങ്ങളേയും നിഷേധിച്ചുകൊണ്ട് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ തികച്ചും അസംബന്ധമാണെന്നും മന്ത്രി ഉറപ്പിച്ചുപറഞ്ഞു. ചെന്നിത്തലയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും എന്തെങ്കിലും വിളിച്ചുപറയല്‍ സ്ഥിരം സ്വഭാവമായി മാറിയെന്നും മേഴ്‌സിക്കുട്ടിയമ്മ തുറന്നടിച്ചു. എന്തെങ്കിലും ബോംബ് പൊട്ടിച്ചുകൊണ്ട് നടക്കണമെന്നുള്ള അത്യാര്‍ത്തി ഇത് ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
2018ല്‍ താന്‍ അമേരിക്കയില്‍ പോയത് യുഎന്നുമായുള്ള ചര്‍ച്ചക്കായിരുന്നെന്നും ഇടം പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് യുഎന്‍ ക്ഷണിച്ചിട്ടാണ് പോയതെന്നും മന്ത്രി മറുപടി നല്‍കിയിരുന്നു. എന്നാല്‍ കേരളവുമായി ചര്‍ച്ച നടത്തിയതായി അമേരിക്കന്‍ കമ്പനി തന്നെ സമമ്തിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന മന്ത്രിയുടെ ആരോപണത്തിനുനേരെയും ചെന്നിത്തല തിരിച്ചടിച്ചു. ലൈസന്‍സ് നല്‍കുന്നത് അവസാനഘട്ടമാണ്. അത് നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. കേരളം രജിസ്‌ട്രേഷനും മറ്റുകാര്യങ്ങളും പൂര്‍ത്തിയാക്കിയെന്നാണ് തങ്ങള്‍ ആരോപിച്ചതെന്നും ചെന്നിത്തല വിശദീകരിച്ചു.
സ്പ്രിംഗ്‌ളറിനേക്കാളും ഇ മൊബിലിറ്റിയേക്കാളും വലിയ അഴിമതിയാണ് കരാറുമായി ബന്ധപ്പെട്ട് നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് അഴിമതിയുടെ ഗൂഢാലോചന നടത്തിയത്. ഇഎംസിസി പ്രതിനിധികളുമായി 2018ല്‍ ന്യൂയോര്‍ക്കില്‍ മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തി. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും കേരളത്തിലെ കടലുകളില്‍ മത്സ്യബന്ധനം നടത്തും. അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് ഈ അമേരിക്കന്‍ കമ്പനി കടലിന്റെ അടിത്തട്ടുവരെ അരിച്ചുപെറുക്കി വന്‍ കൊള്ള നടത്തുമെന്നും ചെന്നിത്തല ആരോപിച്ചു. കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികള്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നതിന് മുന്‍പ് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ടറസ്റ്റ് വിളിക്കുകയോ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ കേരളത്തിന്റെ മത്സ്യബന്ധന മേഖല നശിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊളിലാളികളുടെ വയറ്റത്തടിക്കുന്ന സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷധമുണ്ടാകുമെന്നും വാര്‍ത്താസമ്മേളനത്തിനിടെ പ്രതിപക്ഷനേതാവ് ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തിന്റെ മത്സ്യനയത്തില്‍ മറ്റാരോടും കൂടിയാലോചന നടത്താതെ സര്‍ക്കാര്‍ മാറ്റം വരുത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ നിരത്തി. വന്‍കിട കമ്പനികളുമായി കൂടിയാലോചന നടത്തിയതുപ്രകാരമാണ് 2019ല്‍ മത്സ്യനയം തിരുത്തിയതെന്ന് ചെന്നിത്തല മാധ്യമങ്ങള്‍ക്കുമുന്നില്‍പ്പറഞ്ഞു. കരാറിനെക്കുറിച്ച് മന്ത്രിസഭയിലോ ബന്ധപ്പെട്ട സംഘടനകളുമായോ ചര്‍ച്ച നടന്നിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.