മന്ത്രി ഇ.പി. ജയരാജന്റെ മകനും സ്വപ്ന സുരേഷുമായുള്ള ബന്ധമെന്തെന്ന് വെളിപ്പെടുത്തണം. കെ.സുരേന്ദ്രന്‍.

ദുബായ് റെഡ്ക്രസന്റിന്റെ ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ.പി. ജയരാജന്റെ മകനും സ്വപ്ന സുരേഷുമായുള്ള ബന്ധമെന്താണെന്ന് സിപിഎം വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നക്കൊപ്പം ലൈഫ് മിഷന്‍ ഇടപാടില്‍ ജയരാജന്റെ മകനും ഭീമമായ കമ്മിഷന്‍ ലഭിച്ചെന്ന വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്കിനെ സാക്ഷിനിർത്തി ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയത് നാലരക്കോടി രൂപ കമ്മിഷന്‍ ലഭിച്ചിട്ടുണ്ടെന്നാണ്. ഒരു കോടി സ്വപ്നക്ക് ലഭിച്ചെന്ന് അവര്‍ തന്നെ വെളിപ്പെടുത്തി. ബാക്കി പണം ആര്‍ക്കൊക്കെ എവിടെ വച്ച് നല്‍കിയെന്ന് വെളിപ്പെടുത്തണം. സുരേന്ദ്രൻ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പറഞ്ഞത് അന്വേഷണം ശരിയായ വഴിയിലാണ് നടക്കുന്നതെന്നാണ്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര നേതൃത്വവും ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രംഗത്തു വന്നിരിക്കുന്നു. അന്വേഷണം തങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് സിപിഎമ്മിന്റെ നിലപാട് മാറ്റം ഉണ്ടായിരിക്കുന്നത്. എല്ലാക്കാലത്തും തങ്ങള്‍ക്കെതിരായി അന്വേഷണം നടത്തുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ സിപിഎം ശ്രമിക്കാറുണ്ട്. നിയമവാഴ്ചയൊടുള്ള വെല്ലുവിളിയും അന്വേഷണത്തെ തിരിച്ചുവിടാനുള്ള നീക്കവുമാണ് സിപിഎമ്മിന്റെ നിലപാട് മാറ്റം. അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് എത്തുകയും കൂടുതല്‍ ഉന്നതര്‍ കടുങ്ങുകയും ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് അന്വേഷണ ഏജന്‍സിക്കെതിരായ സിപിഎം തിരിഞ്ഞിരിക്കുന്നത്. മടിയില്‍ കനമില്ലാത്തവര്‍ക്ക് ഭയപ്പെടാനില്ലന്നും അന്വേഷണം മുറുകുമ്പോള്‍ മറ്റുള്ളവരുടെ നെഞ്ചിടിപ്പ് കൂടും എന്നുമുള്ള അഭിപ്രായത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.
മന്ത്രി ജലീലിനെ എന്‍ഐഎയും കസ്റ്റംസും ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നാണ് വിവരം. ഖുറാനാണ് കൊണ്ടുവന്നതെന്ന മന്ത്രിയുടെ വാദം വിശ്വസനീയമല്ല. ഇതിലെ പൊരുത്തക്കേട് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായിക്കഴിഞ്ഞു. ജലീലിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റാന്‍ പിണറായി വിജയന് ഭയമാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. താനും കുടുങ്ങുമെന്ന ഭയം ഓണത്തിന് കാരണം. ജലീലിനെ മാറ്റിയാല്‍ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരെ കൂടി മാറ്റേണ്ടി വരും. അന്വേഷണം പിണറായിയിലേക്ക് എത്തുകയും ചെയ്യും. സുരേന്ദ്രന്‍ പറഞ്ഞു.
സിപിഎം സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്തു കഴിഞ്ഞു. ഇനിയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. മയക്കുമരുന്ന് കടത്തുകാരും സ്വര്‍ണക്കടത്തുകാരുമെല്ലാം ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അന്വേഷണം ശരിയായ ദിശയില്‍ തന്നെ മുന്നോട്ടു പോകുമ്പോള്‍ മുട്ടിടിക്കുന്നത് പിണറായി സർക്കാരിനെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
സ്വപ്ന സുരേഷ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഒരു നഴ്‌സിന്റെ ഫോണില്‍ നിന്ന് ചിലരെ ബന്ധപ്പെട്ടതായി അറിയുന്നു. ഇവര്‍ ആരെ വിളിച്ചു, എന്തിന് വിളിച്ചു എന്ന് കണ്ടെത്തണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സ്വപ്നയെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കം നടത്തുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിത്. രാജ്യദ്രോഹികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അര്‍ഹതയില്ല. സര്‍ക്കാര്‍ രാജിവയ്ക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് കെ.സുരേന്ദ്രന്‍ അറിയിച്ചു.