സ്പെഷ്യൽ ഫീസ് അടച്ചില്ല, കോവിഡ് കാലത്ത് പഠനം മുടക്കി,വിദ്യാർത്ഥികളോട് ക്രൂരത.

സർക്കാർ മാർഗ നിർദേശങ്ങൾ കാറ്റിൽ പറത്തി കോവിഡ് കാലത്ത് സ്‌പെഷ്യൽ ഫീസ് അടയ്‌ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളോട് ക്രൂരത. പാലക്കാട് ജില്ലയിലെ തത്തമംഗലം ചിന്മയ സ്‌കൂളിൽ നിന്നും ഇരുന്നൂറോളം വിദ്യാർത്ഥികളെയാണ് കോവിഡ് കാലത്ത് സ്‌പെഷ്യൽ ഫീസ് അടയ്‌ക്കാത്തതിന്റെ പേരിൽ ഓൺലൈൻ ക്ലാസുകളിൽ നിന്നും പുറത്താക്കിയത്. കൊവിഡ് മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രക്ഷാകർത്താക്കൾ ട്യൂഷൻ ഫീസ് അടച്ചെങ്കിലും സ്‌പെഷ്യൽ ഫീസ് അടച്ചില്ലയെന്ന കാരണം പറഞ്ഞാണ് സ്‌കൂൾ മാനേജ്‌മെന്റിന്റെ നടപടി ഉണ്ടാകുന്നത്. സ്പെഷ്യൽ ഫീസിൽ നിന്നും ചെറിയ ശതമാനം കുറച്ച് തരണമെന്ന രക്ഷകർത്താക്കളുടെ ന്യായമായ ആവശ്യം പോലും മാനേജ്‌മന്റ് അനുഭാവപൂർവം പരിഗണിച്ചിട്ടില്ല. ഒരു ദയാദാക്ഷിണ്ണ്യവുമില്ലാതെ മാനേജ്മെന്റ് ഓൺലൈൻ ക്ലാസിൽ നിന്ന് ഇരുന്നൂറോളം വിദ്യാർത്ഥികളെ പുറത്താക്കുകയായിരുന്നു.
അൺലോക്കിന്റെ ഭാഗമായി സ്‌കൂൾ തുറക്കുമ്പോൾ ഫീസ് അടയ്‌ക്കാമെന്ന് രക്ഷകർത്താക്കൾ പറഞ്ഞെങ്കിലും മാനേജ്മെന്റ് വഴങ്ങാൻ കൂട്ടാക്കിയില്ല. ഓൺലൈൻ ക്ലാസുകൾ കൂടി ഇല്ലാതായതോടെ എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലായിരിക്കുകയാണ് രക്ഷകർത്താക്കളും വിദ്യാർത്ഥികളും. ഗ്രൂപ്പിൽ നിന്ന് പുറത്താകുന്നതിന് മുമ്പും ശേഷവും രക്ഷകർത്താക്കൾ സ്‌കൂൾ അധികൃതരോട് തങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിച്ചെങ്കിലും ഇതൊന്നും കേൾക്കാൻ, മാനേജ്മെന്റ് തയ്യാറായില്ലെന്നാണ് രക്ഷകർത്താക്കൾ പരാതിപ്പെടുന്നത്.
ആദ്യ ടേമിലെ ട്യൂഷൻ ഫീസായ അയ്യായിരം രൂപ അടച്ചുവെന്നും ബാക്കി സ്‌കൂൾ തുറക്കുന്ന സമയത്ത് അടയ്‌ക്കാമെന്നും പറഞ്ഞപ്പോൾ മാനേജ്മെന്റ് വഴങ്ങിയില്ലെന്ന് ചെറുകിട കച്ചവടക്കാരനായ ഒരു രക്ഷകർത്താവ് ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കട തുറക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ തുറന്നെങ്കിലും വലിയ തോതിൽ കച്ചവടമില്ല. വലിയൊരു ആഗ്രഹത്തിന്റെ പുറത്താണ് മകളെ സി.ബി.എസ്.ഇ സ്‌കൂളിലേയ്ക്ക് വിട്ടതെന്നും രക്ഷകർത്താവ് പരിതപിക്കുന്നു.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഓൺലൈൻ ക്ലാസ് നടക്കുന്ന ഗ്രൂപ്പിൽ നിന്ന് വിദ്യാർത്ഥികളെ കൂട്ടത്തോടെ പുറത്താക്കിയതെന്ന് മറ്റൊരു രക്ഷകർത്താവ് പറഞ്ഞു. ചിറ്റൂർ പൊലീസ് സ്‌റ്റേഷനിൽ ചില രക്ഷിതാക്കൾ ഇത് സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്. മാനേജ്മെന്റ് തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് കരുതുന്നതായാണ് രക്ഷിതാക്കൾ ഇപ്പോഴും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിൽ നിന്ന് വിദ്യാർത്ഥികളെ പുറത്താക്കിയത് സ്‌കൂളിലെ ഒരു അദ്ധ്യാപികയാണ്. ഈ അധ്യാപകനെ ബന്ധപ്പെട്ടെങ്കിലും വിഷയത്തിൽ പ്രതികരിക്കാനില്ലെന്നാണ് അദ്ധ്യാപകൻ പ്രതികരിച്ചിട്ടുള്ളത്. അതേസമയം, ഈ വിഷയത്തിൽ പ്രതികരിക്കാൻ സ്‌കൂൾ മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല.
അതേസമയം, വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപെട്ടു ഫീസിന്റെ കാര്യത്തിൽ പിടിവാശിയും നടപടികളും പാടില്ലെന്ന് സംസ്ഥാന സർക്കാർ നിഷ്ക്കർഷിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ അലംഭാവം കാണിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപ്പിയെടുക്കാൻ സർക്കാർ അതാതു ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നതുമാണ്. പരാതി ഉണ്ടാവുന്ന കേസുകൾ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിയിലെ ഉദ്യോഗസ്ഥർ മൂടിവെക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരം സംഭവങ്ങളിൽ വിശദീകരണം അറിയാൻ പോലും നിലവിൽ സംവിധാനം ഇല്ല. പാലക്കാടു ജില്ലയിൽ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അഞ്ചുവർഷം മുൻപ് പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെയും, സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകളാണ് ഇപ്പോഴും, സർക്കാർ വെബ്‌സൈറ്റിൽ ഉള്ളത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറെ കിട്ടാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഞാൻ അഞ്ചുവർഷം മുപ് സർവീസിൽ നിന്നും പിരിഞ്ഞു എന്നായിരുന്നു മറുപടി കിട്ടിയത്.