CinemaKerala NewsLatest NewsNews

എല്ലാ കടകളും 5 മണി വരെ, തീയേറ്ററുകളും ജിമ്മുകളും അടച്ചിടും; എറണാകുളത്ത് ,ഷൂട്ടിംഗിനും വിലക്ക്‌

കൊച്ചി: ജില്ലയിലെ കോവിഡ് വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജില്ലയിലെ കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ജില്ലയിലെ സിനിമ ചിത്രീകരണങ്ങള്‍ അടിയന്തരമായി നിര്‍ത്താനും ഉത്തരവില്‍ പറയുന്നു. ഒരാഴ്ചത്തേക്കാണ് സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിയറ്റര്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തീയേറ്ററുകള്‍ മേയ് രണ്ടു വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.

ഹോട്ടലുകളും റസ്റ്റോറന്‍റ്കളും രാവിലെ 7 മുതല്‍ രാത്രി 9 വരെ പാഴ്സല്‍, ടേക്ക് എവേ സൗകര്യങ്ങള്‍ മാത്രമായി പരിമിതപ്പെടുത്തണം. ഇന്‍ ഡൈനിങ് അനുവദനീയമല്ല. ടോഡി ഷോപ്പുകള്‍ക്കും ബാറുകള്‍ക്കും ഈ നിയന്ത്രണം ബാധകമാണ്. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.

വിവാഹങ്ങളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ. ജില്ലയില്‍ ഇന്നലെ 4468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് നിയന്ത്രണം കര്‍ക്കശമാക്കിയത്. ഇന്ന് 30 പ്രദേശങ്ങളെ കണ്ടെയ്ന്‍മെന്‍്റ് സോണുകളായി പ്രഖ്യാപിച്ചു.

കുടുംബയോഗങ്ങള്‍ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല. അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍, ക്ലബ്ബുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ജില്ലയില്‍ നിര്‍ത്തി വയ്ക്കേണ്ടതാണ്.

ജിംനേഷ്യം, സമ്ബര്‍ക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങള്‍, ടീം സ്പോര്‍ട്സ്, ടൂര്‍ണമെന്‍റുകള്‍ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുന്നു. എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം.

ട്യൂഷന്‍ സെന്‍ററുകള്‍ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, സംഘടനകള്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്ബുകള്‍ എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button