Kerala NewsLatest News

സ്ത്രീധനമില്ലാത്ത കണ്ണൂരും കാസര്‍കോടും പോലെയാകണം മറ്റിടങ്ങളുമെന്ന് സുബിഷ് സുധി

വിസ്മയയുടെ മരണത്തെ തുടര്‍ന്ന് സ്ത്രീധന ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെയാണ് നടന്‍ സുബിഷ് സുധി താന്‍ കല്യാണം കഴിക്കുമ്ബോള്‍ പത്ത് പവന്‍ സ്വര്‍ണം പെണ്‍കുട്ടിയ്ക്ക് കൊടുക്കുമെന്ന പ്രസ്താവന നടത്തുന്നത്. ഇതേറെ ചര്‍ച്ചയാകുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതൊരു പത്ത് പവന്റെ കാര്യമല്ലെന്നും തനിക്ക് സമൂഹത്തോടുളള പ്രതിബദ്ധതയാണ് അതെന്നുമാണ് സുബിഷ് അതിനെക്കുറിച്ച്‌ വിശദീകരിക്കുന്നത്. ഒരു പെണ്‍കുട്ടി ധനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിനൊപ്പം വേറൊരു ധനമെന്തിനാണ്? കണ്ണൂരും കാസര്‍​ഗോഡും ഞാന്‍ സ്ത്രീധനമെന്ന ഇങ്ങനെയൊരു സംഭവം അധികം കണ്ടിട്ടില്ലെന്നും സുബിഷ് സുധി പറയുന്നു. കണ്ണൂര്‍ ശൈലിയിലുളള സംഭാഷണങ്ങളിലൂടെ, നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടനായ സുബിഷ് സുധി ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

വര്‍ഷങ്ങള്‍ക്കു മുമ്ബ്, 2014ല്‍ സലീമേട്ടന്റെ ഭാര്യ സുനിയേച്ചിയുടെ സഹോദരിയുടെ മകള്‍ക്കു കണ്ണൂരില്‍ നിന്നും ഒരു കല്യാണലോചന വന്നു. സലീമേട്ടന്‍ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാന്‍ കാര്യങ്ങള്‍ അന്വേഷിച്ചു പറഞ്ഞു കൊടുത്തു. സലീമേട്ടന്‍ എന്നോട് പറഞ്ഞു, എങ്ങനെയാ സ്ത്രീധനത്തിന്റെ കാര്യങ്ങള്‍ എന്ന്, ഞാനെന്റെ അറിവ് വച്ചു പറഞ്ഞു. ഇവിടെ സ്ത്രീധനം വാങ്ങിക്കാറില്ല. കേരളത്തിലെ വിവിധ ദേശങ്ങളും, ഭാഷകളും,ഭൂപ്രകൃതിയും ഒക്കെ അറിയുന്ന സലീമേട്ടന് ഏകദേശം കണ്ണൂരിലെ സാമൂഹിക വ്യവസ്ഥിതിയെക്കുറിച്ച്‌ ഒരു ധാരണ ഉണ്ടായിരുന്നു.സലീമേട്ടന്‍ പറഞ്ഞു എന്നാലും നീ ഒന്നുകൂടെ ഒന്നന്വേഷിക്ക്. ഞാന്‍ വീണ്ടും ഒന്നുകൂടി അന്വേഷിച്ചു പറഞ്ഞു. ഇവിടെ സ്ത്രീധന സമ്ബ്രദായം ഇല്ലെന്ന്. അവര്‍ പറഞ്ഞു, ഇത് വല്ലാത്തൊരു നാടാണല്ലോ എന്ന്. ഒരു പെണ്ണിനെ, അവളെ ജീവിത സഖിയാക്കുന്നത്, സ്ത്രീധനം നോക്കി അല്ല എന്ന് വിശ്വസിക്കുന്ന ഒരു നാട്ടില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. എല്ലാ നാടും സ്ത്രീധനം ഇല്ലാത്ത ഒരു നാടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍, ഞാന്‍ കണ്ട ആളുകള്‍ക്ക് ഇടയില്‍ ഇങ്ങനെയൊരു സ്ത്രീധന സമ്ബ്രദായം ഉളളതായി കണ്ടിട്ടില്ല. ധനത്തെയല്ല, മനുഷ്യനെ സ്‌നേഹിക്കുന്ന കാഴ്ചപ്പാടുളെളാരു തലമുറയാണ് ഈ ജില്ലകളില്‍ ഉളളതെന്ന് തോന്നുന്നു. എവിടെ ആണേലും നല്ല മനുഷ്യരുണ്ട്. അത് തിരുവനന്തപുരത്തും കൊല്ലത്തും കോഴിക്കോടും ആണേലും. ഒരു പെണ്ണ് വീട്ടിലേക്ക് വരുമ്ബോള്‍ സ്വര്‍ണമായോ, സ്ത്രീധനമായോ എന്തെങ്കിലും വേണമെന്ന സമ്ബ്രദായം മാറണം, മാറ്റപ്പെടണം. അതാണ് വേണ്ടത്. അങ്ങനെയൊരു പ്രതികരണം നടത്തിയതില്‍ നല്ല വശങ്ങളെ കാണുന്നുളളൂ. എനിക്ക് അറിയുന്ന നിരവധി പെണ്‍കുട്ടികളുടെ അച്ഛനമ്മാര്‍ വരെ വിളിച്ചു. നമ്മള്‍ക്ക് ഒരു നിലപാട് ഉണ്ടെങ്കില്‍ ഉറച്ച്‌ നില്‍ക്കുക. അതിന്റെ വരും വരായ്കകള്‍ ഞാന്‍ ചിന്തിക്കാറില്ല.

അതൊരു പത്ത് പവന്റെ കാര്യമല്ല, ചിലപ്പോ അതിന് അപ്പുറം പോകും. ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് വരുമ്ബോള്‍ അതിനെ സ്വര്‍ണമോ,ധനമോ ആയി മാത്രം കാണാതെ അവരെ അവരായി കാണുന്ന സിസ്റ്റത്തിലേക്ക് നമ്മുടെ സമൂഹം വളരണം. അതുകൊണ്ടാണ് ഞാന്‍ പ്രസ്താവന നടത്തിയത്. വലിയ ആളാകാനായി ചെയ്തതല്ല. ഇനിയും ഇതുപോലെ വിസ്മയമാര്‍ ഉണ്ടാകരുതെന്നാണ് ആഗ്രഹം. ഞാനിങ്ങനെ പറഞ്ഞത് കൊണ്ട് അത് സംഭവിക്കണമെന്നും ഇല്ല. എന്റെ മനസില്‍ ഞാന്‍ കുറെനാളായി കരുതി വെച്ചിരുന്നതാണ് ഈ സാഹചര്യത്തില്‍ തുറന്ന് പറഞ്ഞതാണ്. എനിക്ക് സമൂഹത്തോടുളള പ്രതിബദ്ധത കൂടിയാണ് ഞാന്‍ അതിലൂടെ പങ്കുവെച്ചത്.

പൊളിറ്റിക്കലായി അഭിപ്രായം പറയുന്നതിലും പേടിക്കേണ്ടതില്ല. കാരണം നമ്മള്‍ ജീവിക്കുന്ന സമൂഹത്തിലെ അപചയങ്ങള്‍ക്കെതിരെ പ്രതികരിച്ചില്ലേല്‍ സമൂഹം ഉണ്ടാകില്ല. ഞാനും എന്റെ കുടുംബവും എന്ന ചിന്തയോടെ മാത്രം ആയി ജീവിക്കുന്നത് ശരിയല്ല. അയല്‍ക്കാരും അവര്‍ക്ക് ചുറ്റുമുളളവരും എല്ലാവരും നന്നാകുമ്ബോഴാണ് നല്ലൊരു സമൂഹം ഉണ്ടാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button