82 പല്ലുകള്‍; അപൂര്‍വ രോഗാവസ്ഥയുമായി കൗമാരക്കാരന്‍
കൗമാരക്കാരന് 82 പല്ലുകള്‍. ഒരു സാധാരണ മനുഷ്യന്റെ വായില്‍ 32 പല്ലുകളാണ് ഉണ്ടാവുക. എന്നാല്‍, 17 വയസുകാരനായ നിതീഷ് കുമാറിന്റെ താടിയെല്ലിനെ ബാധിച്ച ഒരു അപൂര്‍വ ട്യൂമര്‍ ആണ് വായില്‍ അധികമായി അനേകം പല്ലുകള്‍ വളരാന്‍ കാരണമായത്. ബീഹാറിലെ ആറ ജില്ല സ്വദേശിയായ നിതീഷ് കുമാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ‘കോംപ്ലക്‌സ് ഓഡന്റോമ’ എന്ന അപൂര്‍വ രോഗാവസ്ഥയെ നേരിടുകയായിരുന്നു. താടിയെല്ലിനെ ബാധിക്കുന്ന അത്യപൂര്‍വവും സങ്കീര്‍ണവുമായ ഒരു രോഗാവസ്ഥയാണ് ഇത്. ശരിയായ ചികിത്സയുടെ അഭാവം മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ നിതീഷിന്റെ ആരോഗ്യസ്ഥിതി വഷളാകാന്‍ തുടങ്ങി.
ഇതേ തുടര്‍ന്ന് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം നിരവധി സ്‌കാനിങ്ങുകള്‍ക്കും പരിശോധനകള്‍ക്കും നിതീഷ് വിധേയനായി. അതിന്റെ അടിസ്ഥാനത്തില്‍ നിതീഷിന്റെ ട്യൂമര്‍ ഗുരുതരമായ നിലയിലേക്ക് വളര്‍ന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. അടിയന്തിരമായി ഒരു ശസ്ത്രക്രിയയിലൂടെ മാത്രെ അത് നീക്കം സാധിക്കൂ എന്നും നീക്കം ചെയ്തില്ലെങ്കില്‍ ട്യൂമര്‍ അര്‍ബുദത്തിലേക്ക് നയിച്ചേക്കാമെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് എത്രയും പെട്ടെന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡെന്റല്‍ വിഭാഗത്തിലെ ഡോ. പ്രിയങ്ക സിങ്, ഡോ. ജാവേദ് ഇഖ്ബാല്‍ എന്നീ പരിചയസമ്പന്നരായ ഡോക്റ്റര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയ്‌ക്കൊടുവില്‍ മെഡിക്കല്‍ സംഘം നിതീഷിന്റെ വായില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്യുകയായിരുന്നു. നിതീഷിന്റെ വായയില്‍ 82 പല്ലുകള്‍ കണ്ടെത്തിയത് ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തി.
ജനിതക കാരണങ്ങള്‍ മൂലമോ അല്ലെങ്കില്‍ താടിയെല്ലിന് അപകടം പറ്റിയതിനാലോ താടിയെല്ലിന്റെയോ പല്ലുകളുടെയോ രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രക്രിയയില്‍ അപാകതകള്‍ ഉണ്ടായതാണ് ഈ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമായതെന്നാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. പ്രിയങ്ക പറഞ്ഞത്.