ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം, ആലപ്പുഴ ബൈപ്പാസില്‍ വിള്ളല്‍

ആലപ്പുഴ: എന്തൊരു പ്രഹസനമായിരുന്നു. വെറും ആറ് കിലോമീറ്റര്‍ നീളമുള്ള ബൈപ്പാസ് ഉദ്ഘാടനത്തിന്. ആലപ്പുഴ ബൈപാസില്‍ മാളികമുക്കിലെ അടിപ്പാതയ്ക്കു മുകളില്‍ വിള്ളല്‍ കണ്ടെത്തി. ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ മാത്രം കഴിയവേ ആണ് വിള്ളല്‍ കണ്ടെത്തിയത്. വിള്ളല്‍ പരിശോധിച്ചു. ദേശീയപാത ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ബൈപാസിനു തകരാറില്ലെന്നാണ് പ്രാഥമിക നിഗമനം. നിലവിലുള്ള വിള്ളലുകള്‍ വലുതാകുന്നുണ്ടോ എന്ന് രണ്ടാഴ്ച നിരീക്ഷിക്കും.
കോണ്‍ക്രീറ്റിലെ വിള്ളല്‍ അതിവേഗത്തില്‍ കണ്ടെത്തുന്ന നവീന ഉപകരണമായ പ്രോഫോമീറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നടത്തിയത്. ബൈപാസ് തുറക്കുന്നതിനു മുന്നോടിയായി ഭാര പരിശോധന നടത്തിയ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് പരിശോധന തുടങ്ങിയത്. പരിശോധന മൂന്നു മണിക്കൂറോളം നീണ്ടു. ബൈപാസിന്റെ ഒന്നാം ഘട്ടത്തില്‍ നിര്‍മിച്ച ഭാഗമാണിത്.
തിരുവനന്തപുരത്തുനിന്നെത്തിയ ചീഫ് എന്‍ജിനീയര്‍ എം.അശോക് കുമാര്‍, ആലപ്പുഴ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍.അനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. 5 മീറ്ററോളം നീളത്തില്‍ ഒറ്റ വിള്ളല്‍ കണ്ടെത്തിയിട്ടുണ്ട്. ചെറുവിള്ളലുകള്‍ നാലെണ്ണമുണ്ട്.
മാളികമുക്കില്‍ നിര്‍മിച്ച 2 അടിപ്പാതകളില്‍ വടക്കേ അടിപ്പാതയുടെ കോണ്‍ക്രീറ്റിനു താഴെയാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ വിള്ളല്‍ കണ്ടത്. അന്നുതന്നെ ദേശീയപാത വിഭാഗം പ്രാഥമിക പരിശോധന നടത്തിയിരുന്നു. പെയിന്റ് ഇളകിയതാണെന്നായിരുന്നു പരിശോധനയ്ക്കുശേഷം ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നൂല്‍ പോലുള്ള വിള്ളല്‍ പിന്നീട് സമീപ ഭാഗങ്ങളിലും കണ്ടെത്തിയതോടെയാണ് ദേശീയപാത വിഭാഗം വിദഗ്ധ പരിശോധന നടത്തിയത്.