സ്വാമി പരിപൂർണ്ണ ജ്ഞാന തപസ്വി ഗുരുജ്യോതിയിൽ ലയിച്ചു

തിരുവന്തപുരം: ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂർണ്ണ ജ്ഞാനതപസ്വി (75) ഗുരുജ്യോതിയിൽ ലയിച്ചു. ഇന്ന് മാർച്ച് 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.19 ന് ആയിരുന്നു മരണം സംഭവിച്ചത്. വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾക്കു പുറമെ മെനിഞ്ചൈറ്റിസ്, പാർക്കിൻസൺസ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയിലായിരുന്നു. ഫെബ്രുവരി 24 നാണ് സ്വാമിയെ ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആശ്രമം വളപ്പിൽ നടന്നു.
കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം തൈവിളപ്പിൽ കെ.പി.രാമന്റേയും കെ.വി.പാറു അമ്മയുടേയും രണ്ടാമത്തെ പുത്രനായി സ്വാമി പരിപൂർണ്ണ ജ്ഞാനതപസ്വി (പൂർവ്വാശ്രമത്തിലെ നാമം ബാലകൃഷ്ണൻ റ്റി.വി. ) ജനിച്ചു. ചെറുകുന്നം ഗവ.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എയർഫോഴ്സിൽ ജോലി ലഭിച്ചു. അവിടെ വെച്ച് ഓട്ടോമൊബൈൽസ് എൻജിനീയറിംഗിൽ വിദഗ്ദ പരിശീലനം നേടി. 17 വർഷത്തെ സേവനത്തിനു ശേഷം എയർഫോഴ്സിൽ നിന്ന് വിരമിച്ചു. സഹോദരങ്ങൾ: കുഞ്ഞിരാമൻ. റ്റി.വി., സാവിത്രി റ്റി.വി., ലക്ഷ്മണൻ റ്റി.വി., ചന്ദ്രമതി റ്റി.വി., കരുണാകരൻ റ്റി.വി., രാജൻ റ്റി.വി., . 1973 ൽ കണ്ണൂർ മൊറാഴ സ്വദേശിനി യശോദയെ വിവാഹം കഴിച്ചു. ബി.ഉമ , ബി.അരവിന്ദ് എന്നിവരാണ് മക്കൾ. ഷെറിൻ ചോമ്പാലയാണ് ഉമയുടെ ഭർത്താവ്. ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശ സഭയിലെ സന്യാസിനി ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി സഹോദരി പുത്രിയാണ്.
1999ജൂലൈ 16 ന് ആശ്രമ സ്ഥാപകാചാര്യൻ നവജ്യോതി ശ്രീകരുണാകര ഗുരുവിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ചു. ആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിയ്ക്ക് പിന്നിൽ നിസ്തുലമായ സംഭാവനകൾ നൽകുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ആശ്രമത്തിൽ ആദ്യമായി ഒരു വാഹനം വാങ്ങിയത് കെ.എസ്. ആർ.റ്റി.സി ബസ്സാണ്. അത് വാങ്ങുന്നതിന് മുൻകൈ എടുത്ത് പ്രവർത്തിച്ചവരിൽ ഒരാളാണ് സ്വാമി. ഈ ബസിലാണ് ഗുരു പിന്നീട് കേരളത്തിനകത്തും പുറത്തും ദീർഘകാലം തീർത്ഥയാത്ര നടത്തിയിട്ടുള്ളത്.
ശാന്തിഗിരി ആശ്രമം സുൽത്താൻ ബത്തേരി ബ്രാഞ്ച് തുടങ്ങിയ സന്ദർഭത്തിൽ അവിടെ ആശ്രമ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിന് സ്വാമിയെ ആണ് നിയോഗിച്ചത്. സുൽത്താൻബത്തേരി ആശ്രമത്തിലെ പ്രാർത്ഥനലായ സമർപ്പണ കർമ്മം തുടങ്ങിയ കാര്യങ്ങൾ മുൻകൈ എടുത്ത് നടത്തിയത് ഈ കാലഘട്ടത്തിലാണ്. കൂടാതെ ആശ്രമത്തിന് ഇന്ദ്രപ്രസ്ഥത്തിൽ ഒരു ബ്രാഞ്ച് തുടങ്ങിയപ്പോഴും ആദ്യകാലഘട്ടത്തിൽ (2003-2005) പരിപൂർണ്ണസ്വാമിയാണ് അതിന്റെചുമതലക്കാരനായി നിയോഗിച്ചത്. തുടർന്ന് നീണ്ട ഒരു കാലയളവിൽ ആശ്രമം വെഹിക്കിൾ വിഭാഗത്തിന്റെ ചുമതലയിലും ആശ്രമം ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ആശ്രമം ഡയറക്ടർ ആയും പിന്നീട് നീണ്ട പത്ത് വർഷത്തോളം ആശ്രമം വൈസ്പ്രസിഡന്റായും പ്രവർത്തിക്കുന്നതിന് സ്വാമി പരിപൂർണ്ണയ്ക്ക് സാധിച്ചു.