സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യം നിഷേധിച്ചു.

യു എ ഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗിന്റെ മറവിൽ നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യം നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെയും, സെയ്തലവിയുടെയും, ജാമ്യാപേക്ഷകളാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവരുടെ ജാമ്യാപേക്ഷ എതിർത്ത് സ്വീകരിച്ച നിലപാട് അംഗീകരിച്ചുകൊണ്ട് നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി അറിയിക്കുകയായിരുന്നു.
നിയമ വിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലുള്ള കള്ളക്കടത്താണ് പ്രതികൾ നടത്തി വന്നതെന്നും, പലർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് സ്വർണം കടത്ത് നടത്തുകായാണ് ചെയ്തിരിക്കുന്നത്. രാജ്യാന്തര തലത്തിൽ വലിയ ബന്ധമുള്ളവരാണ് പ്രതികൾ. അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രതികൾ പിടിയിലാകും വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സംജു ഉൾപ്പടെ മൂന്നു പേർ കേസിൽ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകിയിട്ടുള്ളതാണ്. കേസിൽ ഹൈക്കോടതി വിധി വരുന്ന മുറയ്ക്ക് 17-ാം തീയതി കേസ് വീണ്ടും പരിഗണിക്കാം എന്നും കോടതി പറഞ്ഞിട്ടുണ്ട്. ഇതിനു മുൻപ് സ്വപ്ന ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ എൻഐഎ കോടതിയും തള്ളിയിരുന്നതാണ്. സ്വപ്നയ്ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെയായിരുന്നു എൻഐഎ കോടതി സ്വപ്നക്ക് ജാമ്യം നിഷേധിക്കുന്നത്.